28/03/2026
[fontresizer_tawhidurrahmandear_widget]

കൊല്‍ക്കത്തയെ ഇളക്കിമറിച്ച് ദീദി; ഇഡിയെ വെല്ലുവിളിച്ച് മമത തെരുവില്‍

 കൊല്‍ക്കത്തയെ ഇളക്കിമറിച്ച് ദീദി; ഇഡിയെ വെല്ലുവിളിച്ച് മമത തെരുവില്‍

കൊല്‍ക്കത്ത നഗരത്തില്‍ നടന്ന തൃണമൂലിന്‍റെ റാലി. മമത ബാനര്‍ജി മുന്നില്‍നിന്നു നയിക്കുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേശകരായ ഐ-പാക്കിന്റെ ഓഫീസുകളില്‍ ഇഡി നടത്തിയ റെയ്ഡിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരുവില്‍. ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കൊല്‍ക്കത്തയെ ഇളക്കിമറിച്ച കൂറ്റന്‍ പ്രകടനമാണ് ഇന്നു വൈകീട്ട് നടന്നത്. ജാദവ്പൂര്‍ 8ബി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഹസ്ര ക്രോസിങ്ങിലേക്ക് മമത നയിച്ച അഞ്ച് കിലോമീറ്റര്‍ നീണ്ട റാലിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നു.

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ ബംഗാളി സിനിമാ ലോകത്തെ പ്രമുഖരും റാലിയില്‍ പങ്കെടുത്തു. ജൂണ്‍ മാലിയ, സായോനി ഘോഷ്, രാജ് ചക്രവര്‍ത്തി, രചന ബാനര്‍ജി, കാഞ്ചന്‍ മല്ലിക്, സയന്തിക തുടങ്ങിയ താരങ്ങളും മമതയ്‌ക്കൊപ്പം അണിനിരന്നത് പ്രതിഷേധത്തിന് ആവേശം പകര്‍ന്നു. മരുമകനും തൃണമൂല്‍ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും റാലിയില്‍ സജീവ സാന്നിധ്യമായിരുന്നു.

കൊല്‍ക്കത്ത ഇളക്കിമറിച്ച് ദീദി; ഇഡിയെ വെല്ലുവിളിച്ച് മമത തെരുവില്‍ | Mamata Hits the Streets: Massive Rally in Kolkata Against ED Raids on I-PAC; Celebrities Join Protest
ഇ.ഡി വേട്ടയ്‍ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിക്കെത്തിയ ജനക്കൂട്ടം

രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ട് ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് മമത ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂലിന്റെ തന്ത്രങ്ങളും രേഖകളും ചോര്‍ത്താനാണ് ഇഡി ശ്രമിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ ഭയപ്പെടുകയാണെന്നും മമത പറഞ്ഞു.

അതേസമയം, ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജന്‍സിയുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ബിജെപി ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് മമത തെരുവിലിറങ്ങിയതെന്ന് കേന്ദ്ര നേതൃത്വം വിമര്‍ശിച്ചു.

Also read: