ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; പെൺസുഹൃത്തിന്റെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. സുഹൃത്തായ വൈശാഖനെയാണ് പോലീസ് പിടികൂടിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് പെൺസുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാമെന്ന വ്യാജേന ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം, യുവതി നിന്നിരുന്ന സ്റ്റൂൾ പ്രതി ബോധപൂർവ്വം തട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വൈശാഖനും യുവതിയും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിന് കാരണമായത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് യുവതി പുറത്തുപറയുമെന്ന് വൈശാഖൻ ഭയപ്പെട്ടിരുന്നു. വിവരം ഭാര്യയും കുടുംബവും അറിഞ്ഞാൽ തകർന്നുപോകുമെന്ന് കരുതിയാണ് ഇയാൾ യുവതിയെ ചതിയിലൂടെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത്. കസ്റ്റഡിയിലുള്ള വൈശാഖനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.