നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി; ഹീബ്രു ഭാഷയിൽ മോദിയുടെ പോസ്റ്റ്
നരേന്ദ്ര മോദിയും നെതന്യാഹുവും
ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംഭാഷണം നടത്തി. നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പുതുവത്സരാശംസകൾ നേർന്ന മോദി, ഹീബ്രു ഭാഷയിൽ എക്സിലൂടെയും തന്റെ സന്ദേശം പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ നീക്കം.
വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി മോദി പോസ്റ്റിൽ പറഞ്ഞു. പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുകയും ചെയ്തതായി മോദി പറഞ്ഞു. ഗസ്സ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതിയെക്കുറിച്ച് നെതന്യാഹു വിശദീകരിച്ചു.
മുമ്പും സുപ്രധാന അവസരങ്ങളിൽ ഹീബ്രു ഭാഷയിൽ മോദി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇസ്രായേലുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധത്തിന്റെയും നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെയും അടയാളമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.