മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; പ്രതികളുടെ അപ്പീൽ തള്ളി ജില്ലാ കോടതി
കേസില്‍ പ്രതികളായ അഗസ്റ്റിന് സഹോദരങ്ങള്‍
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ തിരിച്ചടി. ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ഉപാധികളോടെ പട്ടയം നൽകിയ ഭൂമിയിൽനിന്നാണ് മുറിച്ച മരങ്ങൾ നേരത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സർക്കാരിലേക്ക് എത്തേണ്ട മരങ്ങളാണിതെന്ന് ജില്ലാ കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
2020-2021 കാലയളവിലാണ് വയനാട് മുട്ടിലിൽനിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ വ്യാപകമായി മുറിച്ചത്. സംഭവത്തിൽ മരങ്ങൾ പിടികൂടുകയും മരംമുറി നടത്തിയ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരായ റോജി, ആന്റോ, ജോസുകുട്ടി എന്നിവർ നിലവിൽ ജാമ്യത്തിലാണ്.