27/01/2026

‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച് ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിച്ചത് ഇങ്ങനെ

 ‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച് ആക്രമണത്തില്‍നിന്ന് പിന്തിരിപ്പിച്ചത് ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്‍യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള ശക്തമായ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ നിലവില്‍ സജ്ജമല്ലെന്ന് വിലയിരുത്തി. തുടര്‍ന്നാണ് നെതന്യാഹു ട്രംപിനെ ഫോണില്‍ വിളിച്ച് ആക്രമണം തല്‍ക്കാലത്തേക്ക് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് ഇത്ര പെട്ടെന്ന് ആക്രമണത്തിന് മുതിരുമെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം പോലും കണക്കുകൂട്ടിയിരുന്നില്ല. ആദ്യം മടിച്ചുനിന്ന ട്രംപ്, പെട്ടെന്ന് ആക്രമണത്തിന് തയാറായപ്പോള്‍ ഇസ്രയേല്‍ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. 2024-25 കാലഘട്ടത്തില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് സമാനമായി അമേരിക്കന്‍ നാവിക-വ്യോമ സേനകള്‍ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തടയാന്‍ അത് മതിയാകില്ലെന്ന് നെതന്യാഹു ട്രംപിന് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ് ഹൗസ്-ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാരണങ്ങള്‍ പലത്
പ്രതിരോധത്തിലെ വിള്ളല്‍:
ഇറാന്റെ ഭാഗത്തുനിന്ന് കനത്ത പ്രത്യാക്രമണം ഉണ്ടായാല്‍ അതിനെ തടുക്കാന്‍ ആവശ്യമായ സൈനിക വിന്യാസം അമേരിക്കയുടെ ഭാഗത്തുനിന്ന് പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ പോരായ്മ: അമേരിക്ക ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആക്രമണം കൊണ്ട് ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്നും, അത് വെറും പാഴ്‌വേലയായി മാറുമെന്നും നെതന്യാഹു ഉപദേശകന്‍ മുഖേന അറിയിച്ചു.

സൗദിയുടെ ആശങ്ക: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപിനെ വിളിച്ച് യുദ്ധം മേഖലയുടെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് ആശങ്ക അറിയിച്ചിരുന്നു.

ജനുവരി 8, 9 തീയതികളില്‍ ഇറാനില്‍ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ നോക്കിനിന്ന ഇരുരാജ്യങ്ങളും, ഇപ്പോള്‍ തിടുക്കത്തില്‍ ആക്രമണത്തിന് മുതിര്‍ന്നത് തന്ത്രപരമായ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

നെതന്യാഹുവിന്റെ മുന്നറിയിപ്പാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ച ഒരു ഘടകമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ആക്രമണത്തിന് സമ്മര്‍ദം ചെലുത്തുന്നില്ലെന്നും എന്നാല്‍ അമേരിക്കയുടെ ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

Also read: