യുദ്ധഭീതിക്കിടെ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം രാജ്യംവിട്ടു
തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ (Wing of Zion) ഇസ്രയേൽ വ്യോമാതിർത്തി വിട്ടതായി റിപ്പോർട്ട്. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം മാറ്റിയതെന്നാണ് സൂചന. എന്നാൽ, ഇത് പതിവ് പരിശീലനത്തിന്റെ ഭാഗമാണെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിശദീകരണം.
ബുധനാഴ്ച ഉച്ചയോടെയാണ് നെവാറ്റിം എയർബേസിൽ നിന്ന് വിമാനം പറന്നുയർന്നതെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ പടിഞ്ഞാറൻ ദിശയിലേക്കാണ് വിമാനം നീങ്ങിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു.
മുമ്പ് ഇറാനുമായുള്ള സംഘർഷങ്ങൾ ഉണ്ടായപ്പോഴും ഇസ്രയേൽ സമാനമായ നീക്കം നടത്തിയിരുന്നു. 2024 ഏപ്രിലിൽ ഇറാന്റെ മിസൈൽ ആക്രമണത്തിന് തൊട്ടുമുമ്പും, 2025 ജൂണിൽ ഇസ്രയേൽ തിരിച്ചടിച്ചപ്പോഴും ’വിങ് ഓഫ് സിയോൺ’ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വിമാനം പറന്നുയരുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം തെൽ അവീവ് കോടതിയിൽ വിചാരണ നടപടികളിൽ പങ്കെടുക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ പ്രക്ഷോഭകാരികളെ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതും, യുഎസ് സൈനിക നീക്കങ്ങളും മേഖലയിൽ യുദ്ധസാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ സൈന്യവും അതീവ ജാഗ്രതയിലാണ്.
ഇതിനിടെ, ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽനിന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ മാറ്റുന്നതായും റിപ്പോർട്ടുകളുണ്ട്. ലുഫ്താൻസ എയർലൈൻസ് ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ വെട്ടിച്ചുരുക്കി പകൽ സർവീസുകൾ മാത്രമാക്കിയിട്ടുണ്ട്.
ഇറാനെതിരായ ഇസ്രയേലിന്റെയോ അമേരിക്കയുടെയോ സൈനിക നീക്കത്തിന് മുന്നോടിയായാണോ ഈ വിമാന മാറ്റം എന്ന് ലോകം ഉറ്റുനോക്കുകയാണ്.