27/01/2026

ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ റെയിൽവേ

 ഉദ്ഘാടന ഓട്ടത്തിൽ സ്ലീപ്പർ ട്രെയിനില്‍ മാലിന്യക്കൂമ്പാരം; കുളിമുറി സാഹിത്യവുമായി വന്ദേഭാരതില്‍ വരരുതെന്ന് ഇന്ത്യൻ റെയിൽവേ

കൊൽക്കത്ത: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്‌സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ തന്നെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോച്ചുകൾക്കുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളും സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

സ്ലീപ്പർ എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് ഓഫീസറും ചീഫ് പ്രോജക്ട് മാനേജറുമായ അനന്ത് രൂപനഗുഡി രംഗത്തെത്തിയിരുന്നു. ‘നിങ്ങൾ ടോയ്‌ലറ്റ് മര്യാദകൾ കൃത്യമായി പഠിച്ചിട്ടുണ്ടെങ്കിൽ മാത്രം ഈ ട്രെയിനിൽ യാത്ര ചെയ്യുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വാഷ്‌റൂമുകളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുസ്വത്തിനോട് ബഹുമാനം പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള ട്രെയിനുകൾ മികച്ച രീതിയിൽ നിലനിർത്താൻ യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തം അനിവാര്യമാണെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

അതേസമയം, ആഡംബര സൗകര്യങ്ങളിലേക്ക് ഇന്ത്യൻ റെയിൽവേ മാറുമ്പോഴും യാത്രക്കാരുടെ മനോഭാവത്തിൽ മാറ്റം വരുന്നില്ലെന്നതിന്റെ തെളിവായി വീഡിയോ മാറിയിരിക്കുകയാണ്. പതിവ് വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുൻപ് നടന്ന സ്‌പെഷ്യൽ സർവീസിലാണ് ഈ ദുരവസ്ഥ. വിമാനങ്ങളിലും മെട്രോകളിലും കാണിക്കുന്ന അച്ചടക്കം റെയിൽവേയിൽ എത്തുമ്പോൾ ഇന്ത്യക്കാർ മറന്നുപോകുന്നു എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.

അതേസമയം, പൊതുസ്വത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. റെയിൽവേയെ വെറുമൊരു സർക്കാർ സ്വത്തായി മാത്രം കണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന മനോഭാവമാണ് ഇതിന് കാരണം. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോഴും അവ ഒരു ചവറ്റുകുട്ട പോലെ കൈകാര്യം ചെയ്യുന്ന രീതി തുടരുന്നത് വികസനത്തിന് വെല്ലുവിളിയാണെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ തലം മുതൽ പൗരബോധത്തെക്കുറിച്ച് ബോധവൽക്കരണം നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Also read: