യുദ്ധമുണ്ടായാൽ സ്വകാര്യ സ്വത്ത് കണ്ടുകെട്ടും; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി നോർവേ
ഓസ്ലോ: ആഗോളതലത്തിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി നോർവേ സർക്കാർ. യുദ്ധമുണ്ടായാൽ രാജ്യത്തെ പ്രതിരോധിക്കാൻ ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനായി പൗരന്മാരുടെ വീടുകൾ, കാറുകൾ, ബോട്ടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സർക്കാർ ഏറ്റെടുക്കുമെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു.
യുക്രെയ്ൻ-റഷ്യ യുദ്ധം യൂറോപ്പിന്റെ സുരക്ഷാ സാഹചര്യത്തെ സങ്കീർണ്ണമാക്കിയ സാഹചര്യത്തിലാണ് നോർവേയുടെ നിർണ്ണായക നീക്കം. 2026ൽ മാത്രം ഏകദേശം 13,500 പൗരന്മാർക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സമാധാനകാലത്ത് നടപടിക്ക് പ്രായോഗിക പ്രസക്തിയില്ലെങ്കിലും, അടിയന്തര സാഹചര്യത്തിൽ സൈന്യത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് രാജ്യം നേരിടുന്നതെന്ന് മിലിട്ടറി ലോജിസ്റ്റിക്‌സ് മേധാവി ആൻഡേഴ്‌സ് ജെർൺബർഗ് വ്യക്തമാക്കി. റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികളും നോർവേ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അതിർത്തികളിൽ ആധുനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോണുകളും ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നാറ്റോയുടെ സ്ഥാപക അംഗമായ നോർവേ വരും വർഷങ്ങളിൽ പ്രതിരോധ ബജറ്റിലും വലിയ വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.