28/03/2026
[fontresizer_tawhidurrahmandear_widget]

ഒഡീഷയിൽ പാസ്റ്ററെ ചാണകം തീറ്റിച്ച് ബജ്‌റങ്ദൾ സംഘം; മലിനജലം കുടിപ്പിച്ചും ‘ജയ് ശ്രീറാം’ വിളിപ്പിച്ചും ക്രൂരത

 ഒഡീഷയിൽ പാസ്റ്ററെ ചാണകം തീറ്റിച്ച് ബജ്‌റങ്ദൾ സംഘം; മലിനജലം കുടിപ്പിച്ചും ‘ജയ് ശ്രീറാം’ വിളിപ്പിച്ചും ക്രൂരത

ഭുവനേശ്വർ: ഒഡീഷയിലെ ധേൻകനാൽ ജില്ലയിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്റർക്ക് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം. പാസ്റ്ററെ മർദിക്കുകയും ചാണകം തീറ്റിക്കുകയും മുഖത്ത് സിന്ദൂരവും ചെരുപ്പുമാലയും അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തതായാണ് പരാതി.

ജനുവരി നാലിന് പർജാങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്ററായ ബിപിൻ ബിഹാരി നായിക്കിനാണ് (35) ദുരനുഭവം ഉണ്ടായത്. ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ 40-ഓളം വരുന്ന സംഘം അതിക്രമിച്ചു കയറുകയായിരുന്നു. ബജ്റങ്ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അക്രമികൾ പാസ്റ്ററെയും അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും മർദിച്ചു. തുടർന്ന് പാസ്റ്ററുടെ മുഖത്ത് നിർബന്ധപൂർവം സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിച്ച് പരസ്യമായി അപമാനിച്ചുകൊണ്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

പാസ്റ്ററെ സമീപത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി തൂണിൽ കെട്ടിയിട്ട് മർദിച്ചതായും ഭാര്യ വന്ദന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പാസ്റ്ററെക്കൊണ്ട് നിർബന്ധിച്ച് ചാണകം ഭക്ഷിപ്പിച്ചതായും മലിനജലം കുടിപ്പിച്ചതായും ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും പരാതിയിലുണ്ട്. മർദനമേറ്റ് അവശനായ പാസ്റ്റർക്ക് വൈദ്യസഹായം നൽകുന്നതിലും പോലീസ് വീഴ്ച വരുത്തിയതായി ആരോപണമുണ്ട്.

സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പാസ്റ്ററെക്കൊണ്ട് ചാണകം ഭക്ഷിപ്പിച്ചു എന്ന ആരോപണം പോലീസ് നിഷേധിച്ചു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അക്രമികൾ നൽകിയ പരാതിയിൽ പാസ്റ്റർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പർജാങ് ഗ്രാമത്തിൽ ഏഴോളം ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also read: