ഫലസ്തീന്‍ അംബാസഡര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്.
ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പാണക്കാട്ട് സന്ദര്‍ശനത്തിനെത്തിയ ജനങ്ങള്‍ക്കൊപ്പം ഏറെനേരം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ശേഷം തങ്ങളുടെ വസതിയില്‍ ഒരുക്കിയ വിരുന്നില്‍ ഉച്ചഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
ഫലസ്തീനിയന്‍ ജനതയോടുള്ള ഇന്ത്യക്കാരുടെ സ്നേഹം അനുഭവിച്ചറിഞ്ഞാണ് അംബസഡര്‍ മടങ്ങിയതെന്ന് സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘പുഴ മുതല്‍ സമുദ്രം വരെ ഫലസ്തീന്‍ സ്വതന്ത്രമാകും’ എന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നുവെന്നും തങ്ങള്‍ കുറിച്ചു.