27/01/2026

ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ‘പരാശക്തി’ ടീം; തിരുവാചകം ആലപിച്ച് ജി.വി പ്രകാശ്

 ഡൽഹിയിൽ പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ‘പരാശക്തി’ ടീം; തിരുവാചകം ആലപിച്ച് ജി.വി പ്രകാശ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പൊങ്കൽ ആഘോഷിച്ച് ‘പരാശക്തി’ ടീം. കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സംവിധായിക സുധ കൊങ്ങരയുടെ പുതിയ ചിത്രമായ പരാശക്തിയുടെ അണിയറപ്രവർത്തകർ അതിഥികളായെത്തിയത്. നടൻ ശിവകാർത്തികേയൻ, രവി മോഹൻ, സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ചടങ്ങിൽ ജി.വി പ്രകാശ് കുമാർ തന്റെ ആൽബമായ ‘തിരുവാചക’ത്തിലെ ഗാനം ആലപിച്ചത് ശ്രദ്ധേയമായി. മാണിക്കവാസകർ രചിച്ച തമിഴ് ഭക്തികാവ്യമായ തിരുവാചകത്തിലെ വരികൾ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ജി.വി പ്രകാശ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രധാനമന്ത്രി ഗാനം ആസ്വദിച്ചതായും തന്നെ അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയോടൊപ്പം പൊങ്കൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശിവകാർത്തികേയനും പ്രതികരിച്ചു.

ജനുവരി 10ന് റിലീസ് ചെയ്ത ‘പരാശക്തി’ 1960കളിലെ മദ്രാസിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സെൻസർ ബോർഡിന്റെ 25ഓളം മാറ്റങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് ചിത്രത്തിന് തിയേറ്ററുകളിൽ എത്താനായത്. ബോക്‌സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ചിത്രം ഇതിനോടകം ലാഭകരമാണെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, പരാശക്തി ടീമിന്റെ പ്രധാനമന്ത്രിക്കൊപ്പമുള്ള ആഘോഷം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. നടൻ വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി വൈകുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസ് എം.പി മാണിക്കം ടാഗോർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിക്കുന്ന പരാശക്തി ടീം ബിജെപി നേതാക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരുന്നതിനെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വിമർശിക്കുന്നുണ്ട്. എങ്കിലും, തമിഴ് സിനിമയ്ക്കും സംഗീതത്തിനും ലഭിച്ച വലിയൊരു അംഗീകാരമായാണ് ആരാധകർ ഈ കൂടിക്കാഴ്ചയെ കാണുന്നത്.

Also read: