‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത് ഷായ്‌ക്കെതിരെ പ്രിയങ്ക് ഖാര്‍ഗെ
അമിത് ഷാ, പ്രിയങ്ക് ഖാര്‍ഗെ
ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു.
2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് രേഖകളെയും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചാണ് അദ്ദേഹം ഈ കണക്കുകള്‍ പങ്കുവെച്ചത്.
തെരഞ്ഞെടുപ്പ് റാലികളില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഉച്ചത്തില്‍ സംസാരിക്കുന്ന അമിത് ഷാ, അധികാരത്തിലിരുന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘രാജ്യത്തെ ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ട്. എന്നിട്ടും ആരാണ് ഇതിന് ഉത്തരവാദി? എന്താണ് താങ്കളെ തടയുന്നത്?’ – ഖാര്‍ഗെ ചോദിച്ചു.
അതിര്‍ത്തി സുരക്ഷയിലെ വീഴ്ചകളാണ് പുല്‍വാമ, പഹല്‍ഗാം തുടങ്ങിയ ഭീകരാക്രമണങ്ങള്‍ക്ക് കാരണമെന്നും, ദുര്‍ബലനായ ആഭ്യന്തര മന്ത്രിയുള്ളപ്പോള്‍ അതിര്‍ത്തികള്‍ സുരക്ഷിതമല്ലാത്തതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അതിര്‍ത്തിയില്‍ വേലി കെട്ടുന്നതുള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കിയതാണ് നുഴഞ്ഞുകയറ്റം കുറയാനും, തന്മൂലം നാടുകടത്തല്‍ കുറയാനും കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം.
പ്രിയങ്ക് ഖാര്‍ഗെയുടെ എക്‌സ് പോസ്റ്റിന്റെ പൂര്‍ണരൂപം
‘മാന്യവര്‍ അമിത് ഷാ ജി, താങ്കളാണ് ഈ രാജ്യത്തെ ആഭ്യന്തര മന്ത്രി എന്ന് ആരെങ്കിലും ഒരാള്‍ താങ്കളോട് പറയേണ്ട സമയമായി എന്ന് തോന്നുന്നു. തെരഞ്ഞെടുപ്പ് വിഷയമായാലും ഇല്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനം ജയിച്ചാലും ഇല്ലെങ്കിലും, രാജ്യത്തുടനീളമുള്ള ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ട്.
തെരഞ്ഞെടുപ്പ് റാലികളില്‍, രാജ്യത്ത് നുഴഞ്ഞുകയറ്റക്കാര്‍ വര്‍ധിക്കുന്നുവെന്ന് താങ്കള്‍ അലറുന്നു. ആരാണ് ഇതിന് ഉത്തരവാദി? ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി നാടുകടത്തുമെന്ന് താങ്കള്‍ പ്രസ്താവനകള്‍ ഇറക്കുന്നു. ആരാണ് താങ്കളെ തടയുന്നത്?
താങ്കളുടെ റെക്കോര്‍ഡ് തന്നെ അതിനുള്ള മറുപടി നല്‍കുന്നുണ്ട്. പുല്‍വാമയിലെയും പഹല്‍ഗാമിലെയും ദുരന്തങ്ങള്‍ മുതല്‍ ഡല്‍ഹിയിലെ ആക്രമണങ്ങള്‍ വരെ, ഭീകരാക്രമണങ്ങളില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതില്‍ താങ്കള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടു.
ഇത്രയും ദുര്‍ബലനായ ഒരു ആഭ്യന്തര മന്ത്രിയുള്ളപ്പോള്‍, നമ്മുടെ അതിര്‍ത്തികള്‍ ദുര്‍ബലമാകുന്നതിലും അനധികൃത കുടിയേറ്റക്കാര്‍ തുടരുന്നതിലും അത്ഭുതമില്ല. പോരാത്തതിന്, താങ്കളുടെ ഭരണത്തിന് കീഴില്‍ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുന്നത് എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
ഉണരൂ, താങ്കളാണ് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി. രാജ്യം ഇപ്പോഴും നടപടിക്കായി കാത്തിരിക്കുകയാണ്.’