27/01/2026

രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നു; തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

 രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നു; തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവിടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കല്‍, സാമ്പത്തിക ചൂഷണം എന്നിവയാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങള്‍. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്.

തിരുവല്ലയില്‍ വെച്ചാണ് പീഡനം നടന്നതെന്നാണ് പ്രാഥമിക വിവരം. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വീഡിയോ കോണ്‍ഫറന്‍സിങ് വഴി രേഖപ്പെടുത്തിയിട്ടുണ്ട്.

എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ രഹസ്യമായി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹോട്ടലിലെത്തിയ പോലീസ് സംഘം ആദ്യം റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുക്കുകയും, രാഹുലിന്റെ മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷവുമാണ് കസ്റ്റഡിയിലെടുത്തത്.

നിലവില്‍ രാഹുലിനെതിരെ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ ജനുവരി 21 വരെ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മൂന്നാമത്തെ കേസില്‍ അറസ്റ്റ് നടന്നിരിക്കുന്നത്. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ ഇന്ന് തന്നെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Also read: