26/01/2026

വര്‍ഗീയ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍

 വര്‍ഗീയ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍

സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്‍. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഏറെ കോലാഹലങ്ങള്‍ക്കിടയിലും പ്രസ്താവനയെ ന്യായീകരിച്ച മന്ത്രിയാണ് ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ വാക്കുകള്‍ ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ‘ആ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്ത്രി വാര്‍ത്താകുറിപ്പിലൂടെ വിശദീകരിച്ചു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിലപാടുമാറ്റമെന്നാണ് സൂചന. മന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരുന്നു. വിഷയം ചര്‍ച്ചയായതോടെ മന്ത്രി അടിയന്തരമായി തെറ്റ് തിരുത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ആരോപിച്ച് യുഡിഎഫ് രംഗത്തുവന്നു. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുന്നതിനിടെയാണ് സജി ചെറിയാന്റെ പരസ്യമായ ഖേദപ്രകടനവും തിരുത്തലും വരുന്നത്.

Also read: