ഖത്തറിലും ചരിത്രം കുറിച്ച് സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി. സമസ്തയുടെ ചരിത്രവഴികളെക്കുറിച്ചും വര്‍ത്തമാനകാലത്ത് സംഘടന നിര്‍വഹിക്കുന്ന ദൗത്യങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചു. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുത്തു.