26/01/2026

അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?

 അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?

ബെസലേല്‍ സ്മോട്രിച്ചും നെതന്യാഹുവും

തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്‌മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്.

ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ ഈ സമിതിയില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിലെ യുദ്ധാനന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒക്ടോബറില്‍ അമേരിക്ക സ്ഥാപിച്ചതാണ് സിഎംസിസി. ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (നിരായുധീകരണവും പുനര്‍നിര്‍മാണവും) കടക്കാനിരിക്കെയാണ് സ്‌മോട്രിച്ചിന്റെ എതിര്‍പ്പ്.

വെസ്റ്റ് ബാങ്കിലെ പുതിയ ജൂത കുടിയേറ്റ കേന്ദ്രത്തിന്റെ ചടങ്ങില്‍ സംസാരിക്കവെയാണ് സ്‌മോട്രിച്ച് നിലപാട് കടുപ്പിച്ചത്. ഹമാസിന് ആയുധം വച്ച് കീഴടങ്ങാന്‍ ചെറിയൊരു സമയം നല്‍കണം. അത് കഴിഞ്ഞാല്‍ പൂര്‍ണ ശക്തിയോടെ ഗസ്സ ആക്രമിച്ച് ഹമാസിനെ ഇല്ലാതാക്കണം. ഗസ്സയിലെ ജനങ്ങളെ പുറത്തേക്ക് അയച്ച്, അവിടെ സ്ഥിരമായ ജൂത കുടിയേറ്റം ആരംഭിക്കണം. ഭീകരതയെ അടിച്ചമര്‍ത്താനും ശത്രുവിനെ പുറത്താക്കാനും ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണം വേണമെന്നും സ്‌മോട്രിച്ച് ആവശ്യപ്പെട്ടു.

ട്രംപിന്റെ മധ്യസ്ഥതയില്‍ ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് ബന്ദികളെ മോചിപ്പിച്ചിരുന്നു. സമാധാനപരമായി ജീവിക്കാന്‍ തയ്യാറുള്ള ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നും ട്രംപിന്റെ പദ്ധതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്നതാണ് സ്‌മോട്രിച്ചിന്റെ പ്രസ്താവന.

യുഎസ്, ജര്‍മനി, ഫ്രാന്‍സ്, കാനഡ തുടങ്ങി 60-ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തിക്കുന്നതിനായി സിഎംസിസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌മോട്രിച്ചിന്റെ പ്രസ്താവനയോട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ യുഎസ് സൈനിക കേന്ദ്രമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: