28/03/2026
[fontresizer_tawhidurrahmandear_widget]

’13 തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന് ചോദ്യമുയർന്നു; കൈകാലുകൾ കെട്ടപ്പെട്ട നിലയില്‍’- ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത

 ’13 തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന് ചോദ്യമുയർന്നു; കൈകാലുകൾ കെട്ടപ്പെട്ട നിലയില്‍’- ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത

തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷമായി താൻ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾ വെളിപ്പെടുത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ അതിജീവിത. കൈകാലുകൾ കെട്ടപ്പെട്ട നിലയിലാണ് തന്റെ ഇന്നത്തെ ജീവിതമെന്നും, സഭയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും നേരിടുന്ന ക്രൂരമായ ഒറ്റപ്പെടുത്തലുകൾ ജീവിതം ദുസ്സഹമാക്കിയെന്നും അവർ സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

’കല്ലേറും ഒറ്റപ്പെടുത്തലും
കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടു’

പരാതി നൽകിയതിന് പിന്നാലെ നേരിടേണ്ടി വന്നത് കടുത്ത പ്രതികാര നടപടികളാണെന്ന് അതിജീവിത പറയുന്നു. നിരന്തരമായ കല്ലേറും അധിക്ഷേപങ്ങളും സഹിക്കവയ്യാതെ കൂടെയുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടുപോയി. മഠത്തിൽ അവശേഷിക്കുന്ന താനുൾപ്പെടെയുള്ള മൂന്ന് പേർ തയ്യൽ ജോലി ചെയ്താണ് നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നത്. സഭാനേതൃത്വത്തിന്റെ നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചത്. രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ യാതൊരു സാമ്പത്തിക സഹായവും കൈപ്പറ്റിയിട്ടില്ലെന്നും പണത്തിന് വേണ്ടിയാണ് പരാതി നൽകിയതെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അവർ വ്യക്തമാക്കി.

പീഡനവിവരം പുറത്തുപറയാൻ വൈകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അതിജീവിത മറുപടി നൽകി. സഭയ്ക്കുള്ളിൽ ‘ചാരിത്ര്യശുദ്ധി’ക്ക് നൽകുന്ന പ്രാധാന്യം തന്നെയായിരുന്നു പ്രധാന തടസ്സം. വിവരം പുറത്തറിഞ്ഞാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും, ‘മഠം ചാടി’ എന്ന വിളിപ്പേര് തനിക്കും കുടുംബത്തിനും എന്നന്നേക്കുമായി നാണക്കേടുണ്ടാക്കുമെന്നും ഭയപ്പെട്ടു. ആ പേടി മൂലമാണ് എല്ലാം ഉള്ളിലൊതുക്കി ജീവിച്ചത്. സഭയ്ക്കുള്ളിൽ ഇത്തരത്തിൽ നിരവധി പേർ സമാനമായ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും എന്നാൽ പുറത്തുപറയാൻ ആരും ധൈര്യപ്പെടുന്നില്ലെന്നും അതിജീവിത കൂട്ടിച്ചേർത്തു.

Also read: