27/01/2026

’വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്; സ്വയം അവരോധിച്ച് ട്രംപ്

 ’വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്; സ്വയം അവരോധിച്ച് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്.

വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ നിർണ്ണായക നീക്കത്തിലൂടെ ഭരണത്തലവൻ നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. വെനസ്വേലയുടെ എണ്ണ വരുമാനത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് പദവി സ്വയം പ്രഖ്യാപിച്ചത്. അമേരിക്കയുടെ വിദേശനയങ്ങൾക്ക് അനുസൃതമായി വെനസ്വേലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

എണ്ണ വിപണിയിൽ ഇടപെടൽ

വെനസ്വേലയിലെ നിലവിലെ സ്ഥിതിഗതികൾ പോസിറ്റീവ് ആണെന്നും കാര്യങ്ങൾ കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും ട്രംപ് അറിയിച്ചു. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഏകദേശം 50 ദശലക്ഷം ബാരൽ എണ്ണ വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിക്കും. 4.2 ബില്യൺ ഡോളർ മൂല്യം വരുന്ന ഈ എണ്ണ വിപണി നിരക്കിൽ തന്നെയായിരിക്കും വിൽക്കുക.

ഈ വരുമാനം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താൻ നേരിട്ട് നിയന്ത്രിക്കുമെന്നും, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഇത് ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

മദുറോയുടെ അറസ്റ്റും ഭരണമാറ്റവും

ഈ മാസം ആദ്യം കാരക്കാസിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് നിക്കോളാസ് മദുറോയും ഭാര്യ സിലിയ ഫ്‌ലോറസും പിടിയിലായത്. ഇവരെ നിലവിൽ ന്യൂയോർക്കിലേക്ക് മാറ്റിയിരിക്കുകയാണ്. മയക്കുമരുന്ന്ഭീകര വിരുദ്ധ നിയമങ്ങൾ ലംഘിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്ത് ജനാധിപത്യപരമായ ഒരു പരിവർത്തനം നടക്കുന്നത് വരെ വെനസ്വേലയുടെ ഭരണത്തിന് വാഷിങ്ടൺ മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വെനസ്വേലക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ അധികാരം പിടിച്ചെടുക്കാതിരിക്കാനാണ് ഈ താൽക്കാലിക ഇടപെടലെന്നാണ് അമേരിക്കയുടെ വിശദീകരണം. മുൻപ് വൈസ് പ്രസിഡന്റും എണ്ണ മന്ത്രിയുമായിരുന്ന ഡെൽസി റോഡ്രിഗസ് കഴിഞ്ഞ ആഴ്ചയാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.

Also read: