26/01/2026

ബോർഡ് ഓഫ് പീസ് ഉദ്ഘാടനം ചെയ്ത് ട്രംപ്; ലോകസമാധാനം ലക്ഷ്യമെന്ന് പ്രഖ്യാപനം

 ബോർഡ് ഓഫ് പീസ് ഉദ്ഘാടനം ചെയ്ത് ട്രംപ്; ലോകസമാധാനം ലക്ഷ്യമെന്ന് പ്രഖ്യാപനം

ബേൺ: ലോകസമാധാനം ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനം ചെയ്ത സമാധാന ബോർഡ് (Board of Peace) സംരംഭത്തിന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ തുടക്കമായി. ഇന്ന് നടന്ന ചടങ്ങിൽ സമിതിയുടെ ഔദ്യോഗിക ചാർട്ടറിൽ ട്രംപ് ഒപ്പുവെച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ യാഥാർത്ഥ്യമായ ആവേശകരമായ ദിനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ട്രംപിന്റെ 20 ഇന ഗസ്സ വെടിനിർത്തൽ പദ്ധതിയിൽ നിന്നാണ് പുതിയ സമിതി രൂപമെടുത്തത്. ഗസ്സയിലെ സമാധാന കരാർ ഉറപ്പുവരുത്തുന്നതിനൊപ്പം യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളിൽ ഇടപെടാനും ബോർഡിന്റെ അധികാരം വിപുലീകരിച്ചിട്ടുണ്ട്. അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോകം ഇപ്പോൾ സുരക്ഷിതമായ പാതയിലാണെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു. ഒരു വർഷം മുമ്പ് ലോകം കത്തുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഭീഷണികൾ ശാന്തമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വലിയ പുരോഗതിയുണ്ടായതായി പറഞ്ഞ ട്രംപ്, സമാധാന കരാറിൽ ഒപ്പിടാത്ത സെലെൻസ്‌കിയുടെയും പുടിന്റെയും നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഏകദേശം 35 രാജ്യങ്ങൾ ബോർഡിൽ അംഗമാകാൻ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭയെ തഴഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്ന ആശങ്കയിൽ നോർവേ, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സമിതിയിൽ ചേരില്ലെന്ന് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ബ്രിട്ടനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിന് രാജ്യങ്ങൾ ഒരു ബില്യൺ ഡോളർ സംഭാവന നൽകണമെന്നാണ് ചാർട്ടറിലെ പ്രധാന വ്യവസ്ഥ. കൂടാതെ, യുഎസ് പ്രസിഡന്റ് പദവി ഒഴിഞ്ഞാലും ട്രംപ് തന്നെയായിരിക്കും ബോർഡിന്റെ സ്ഥിരം ചെയർമാൻ. ഈ സമിതി വരുംദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പല പ്രവർത്തനങ്ങളും ഏറ്റെടുക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

ഗസ്സയിലെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരെ സ്വീകരിച്ച ശക്തമായ സൈനിക ഭീഷണികളാണ് ഗസ്സയിൽ സമാധാനത്തിന് വഴിതുറന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

Also read: