‘അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡില് അമേരിക്ക കടുത്ത നടപടികളിലേക്ക് കടക്കുന്നു’; മുന്നറിയിപ്പുമായി ട്രംപ്
വാഷിംങ്ടൺ: ഗ്രീൻലാൻഡിനെതിരെ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്. ആർട്ടിക് ദ്വീപ് രാഷ്ട്രമായ ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയോ ചൈനയോ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ അങ്ങേയറ്റത്തെ നടപടിക്കും മടിക്കില്ലെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്.
ഗ്രീൻലാൻഡിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഗ്രീൻലാൻഡിൽ ഞങ്ങൾ ചില നീക്കങ്ങൾ നടത്താൻ പോകുകയാണ്, അത് അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഞങ്ങൾ അത് ചെയ്തില്ലെങ്കിൽ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കും. അമേരിക്കയുടെ അയൽപക്കത്ത് റഷ്യയെയോ ചൈനയെയോ അനുവദിക്കാനാവില്ല,’ ട്രംപ് പറഞ്ഞു. സമാധാനപരമായ ചർച്ചകളിലൂടെ കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ സാഹചര്യം അനുകൂലമല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗ്രീൻലാൻഡിനെ പ്രതിരോധിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ഒബാമ ഭരണകൂടത്തിന്റെ കരാറിനെ വിമർശിച്ച അദ്ദേഹം, ദീർഘകാല സുരക്ഷയ്ക്ക് രാജ്യങ്ങൾക്ക് മേൽ ഉടമസ്ഥാവകാശം ആവശ്യമാണെന്ന് വാദിച്ചു.
ഗ്രീൻലാൻഡിലെ 57,000ത്തോളം വരുന്ന നിവാസികളെ സ്വാധീനിക്കാൻ വൻതുക നേരിട്ട് നൽകുന്ന കാര്യവും ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. ഓരോ വ്യക്തിക്കും 10,000 ഡോളർ മുതൽ 1,00,000 ഡോളർ വരെ നൽകുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനായി ഏകദേശം ആറ് ബില്യൺ ഡോളറോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ ഡെൻമാർക്കിന്റെ കീഴിലുള്ള അർദ്ധ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. അമേരിക്കയുടെ നീക്കത്തിൽ ഡെൻമാർക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗ്രീൻലാൻഡിന് നേരെ ഏതെങ്കിലും തരത്തിലുള്ള അധിനിവേശ ശ്രമമുണ്ടായാൽ സൈന്യം ആദ്യം വെടിവയ്ക്കുകയും പിന്നീട് മാത്രം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുമെന്ന് ഡെൻമാർക്ക് മുന്നറിയിപ്പ് നൽകിയിരിന്നു. യൂറോപ്യൻ യൂണിയനും അമേരിക്കയുടെ സൈനിക താൽപ്പര്യങ്ങളിൽ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
ഡെൻമാർക്കിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് ഗ്രീൻലാൻഡ് നിവാസികളിൽ ഭൂരിഭാഗവും. എന്നാൽ അമേരിക്കയുടെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് മുൻപ് നടന്ന വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫ്രീ അസോസിയേഷൻ കരാറിലൂടെ സാമ്പത്തിക സഹായവും പ്രതിരോധവും നൽകി ദ്വീപിനെ ഒപ്പം നിർത്താനാണ് വൈറ്റ് ഹൗസിന്റെ പ്രാഥമിക പദ്ധതി.