‘ഞങ്ങളുടെ ആകാശവും മണ്ണും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; അമേരിക്കൻ നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യുഎഇ
അബുദാബി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുഎഇ. മേഖലയിൽ യുദ്ധഭീതിയും അമേരിക്കൻ സൈനിക വിന്യാസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് കർശനമാക്കിയത്.
ഇറാനെതിരെ നടക്കുന്ന ശത്രുതാപരമായ ഒരു സൈനിക നടപടിക്കും ലോജിസ്റ്റിക്കൽ പിന്തുണ നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളും നയതന്ത്രവുമാണ് വേണ്ടതെന്ന് മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരത്തിനാണ് യുഎഇ മുൻഗണന നൽകുന്നത്.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇറാനിൽ ആക്രമണത്തിന് പടയൊരുക്കവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള കപ്പൽപട മധ്യപൂർവേഷ്യയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തിനടുത്ത് എത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളും വന്നു. മേഖലയിൽ സംഘർഷ സാധ്യത മൂർച്ഛിച്ച സാഹചര്യത്തിലാണ് യുഎഇയുടെ മുന്നറിയിപ്പും വരുന്നത്.
സൈനിക നടപടി ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തിയ 12 ദിവസത്തെ യുദ്ധവും, തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും മേഖലയെ ഭീതിയിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അയൽരാജ്യമായ യുഎഇ തങ്ങളുടെ മണ്ണ് യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.