തവനൂരിൽ തീപ്പൊരി പോരാട്ടത്തിന് കളമൊരുങ്ങുന്നു; ജലീലിനെ വീഴ്ത്താൻ അൻവർ വരുന്നു?
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ തവനൂർ മണ്ഡലം രാഷ്ട്രീയ യുദ്ധഭൂമിയാകാൻ സാധ്യത. നിലവിലെ എം.എൽ.എ കെ.ടി. ജലീലിനെതിരെ പി.വി. അൻവർ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞതോടെയാണിത്. കോൺഗ്രസ് സീറ്റായ തവനൂരിൽ അൻവറിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം. മുസ്ലിം ലീഗിനും ഈ നീക്കത്തിൽ പൂർണ്ണ പിന്തുണയുണ്ടെന്നാണ് സൂചന.
മണ്ഡലം രൂപീകരിച്ചത് മുതൽ ഇടത് പക്ഷത്തിനൊപ്പം നിന്ന തവനൂരിൽ ഇത്തവണ അട്ടിമറി വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18,101 വോട്ടിന്റെ വലിയ ഭൂരിപക്ഷം ലഭിച്ചതും യു.ഡി.എഫ് ക്യാമ്പിന് ആവേശം പകരുന്നു.
മറുവശത്ത് ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും മണ്ഡലം നിലനിർത്താൻ കെ.ടി. ജലീൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയേക്കും. കഴിഞ്ഞ തവണ ഫിറോസ് കുന്നംപറമ്പിലിനെതിരെയുള്ള ശക്തമായ പോരാട്ടത്തിലും 2564 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്താനായത് ജലീലിന് പ്രതീക്ഷ നൽകുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഹൈ പ്രൊഫൈൽ പോരാട്ടമായിരിക്കും ഇക്കുറി തവനൂരിലേതെന്ന് വ്യക്തം.