30/03/2026
[fontresizer_tawhidurrahmandear_widget]

വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്

 വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്

യുഎസ് ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍, നിക്കോളാസ് മദുറോ

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പിടികൂടി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ വന്‍ സൈനിക നീക്കത്തിന് ഒടുവിലാണ് മദുറോയെ പിടികൂടിയത്. ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കാരക്കാസില്‍ ശക്തമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന ശബ്ദം കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു. കാരക്കാസിലെ പ്രധാന സൈനിക വിമാനത്താവളമായ ‘ലാ കാര്‍ലോട്ട’ (La Carlota), സൈനിക ആസ്ഥാനമായ ‘ഫ്യൂര്‍ട്ടെ ടിയുന’ (Fuerte Tiuna) എന്നിവിടങ്ങളില്‍നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തെത്തുടര്‍ന്ന് തെക്കന്‍ കാരക്കാസിലെ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു.

അമേരിക്കയുടെ എലൈറ്റ് കമാന്‍ഡോ വിഭാഗമായ ‘ഡെല്‍റ്റ ഫോഴ്‌സ്’ (Delta Force) ആണ് മദുറോയെ പിടികൂടിയതെന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി വെനസ്വേലയില്‍നിന്ന് മാറ്റിയതായാണ് വിവരം.

മദുറോയെ കാണാനില്ലെന്ന് വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചു. പ്രസിഡന്റിനും ഭാര്യയ്ക്കും എന്ത് സംഭവിച്ചുവെന്നതിന് തെളിവ് നല്‍കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിരോധിക്കണമെന്നും വെനസ്വേലന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.

അമേരിക്ക മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് വെനസ്വേലയ്ക്കെതിരെ ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമാക്കിയിരുന്നത്. മദുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാനും എണ്ണ സമ്പത്ത് കൈക്കലാക്കാനുമാണ് അമേരിക്കയുടെ ശ്രമമെന്ന് വെനസ്വേലന്‍ അധികൃതര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പെന്റഗണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: