യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിൽ; വ്യാപാര-നിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾക്ക് സാധ്യത
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരനിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 100 ബില്യൺ ഡോളർ കവിഞ്ഞ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ എന്നിവ വഴി ഇരുരാജ്യങ്ങളും സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യമനിലെ നിലവിലെ പ്രതിസന്ധികളും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗൾഫ് മേഖലയിലെ നിർണായക ശക്തികളായ സൗദി അറേബ്യയും യുഎഇയും തമ്മിൽ യമൻ വിഷയത്തിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് സന്ദർശനം. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിലും സാമ്പത്തിക മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തെ യുഎഇ സ്വാഗതം ചെയ്തതും സന്ദർശനവേളയിൽ ചർച്ചാവിഷയമാകും.