വെനസ്വേലയുടെ എണ്ണ ഇന്ത്യയ്ക്ക് വില്ക്കാന് അമേരിക്ക; റഷ്യന് എണ്ണ ഇടപാട് തടഞ്ഞതിനു പിന്നാലെ പുതിയ നീക്കം
വാഷിംഗ്ടൺ: വെനസ്വേലൻ എണ്ണയിൽ നിയന്ത്രണം ഉറപ്പിച്ചതിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് യുഎസ്. വെനസ്വേലയിൽനിന്നുള്ള എണ്ണ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ നീക്കം. യുഎസ് നിയന്ത്രണത്തിലുള്ള പുതിയ വ്യാപാര ചട്ടക്കൂടിന് കീഴിലായിരിക്കും ഇതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നതിൽ യുഎസ് അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
കരാറിലെ പ്രധാന വ്യവസ്ഥകൾ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ഈ മാസം മൂന്നിന് യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പുതിയ ധാരണയിലെത്തിയത്. നിലവിൽ ഏകദേശം രണ്ട് ബില്യൺ ഡോളർ മൂല്യം വരുന്ന 30-50 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം. ഈ എണ്ണ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിപണനം ചെയ്യാൻ വാഷിംഗ്ടൺ പദ്ധതിയിടുന്നു.
മിക്കവാറും എല്ലാ രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വാങ്ങാൻ അനുമതി നൽകുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് വ്യക്തമാക്കി. എന്നാൽ, ഈ വ്യാപാരം പൂർണ്ണമായും അമേരിക്കൻ സർക്കാരിന്റെ മേൽനോട്ടത്തിലായിരിക്കും. എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന തുക വെനസ്വേലൻ ജനതയുടെ ക്ഷേമത്തിനായി മാത്രമേ വിനിയോഗിക്കൂ എന്ന് യുഎസ് ഉറപ്പാക്കും. അഴിമതിക്കോ ഭരണകൂടത്തിന്റെ ദുരുപയോഗത്തിനോ പണം വിട്ടുനൽകില്ലെന്ന് അദ്ദേഹം ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടം
അമേരിക്കൻ ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പ് വെനസ്വേലയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. വെനസ്വേലയിലെ കനത്ത ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക റിഫൈനറികൾ ഇന്ത്യയിലുണ്ട്. നിലവിൽ റഷ്യയെയും പശ്ചിമേഷ്യൻ രാജ്യങ്ങളെയും ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, വെനസ്വേലൻ എണ്ണ കൂടി ലഭ്യമാകുന്നത് ഊർജ്ജ ഇറക്കുമതി വൈവിധ്യവത്കരിക്കാൻ സഹായിക്കും.
‘ഒന്നുകിൽ അമേരിക്കയുമായി ചേർന്ന് എണ്ണ വിൽക്കാം, അല്ലെങ്കിൽ എണ്ണ വിൽക്കാൻ കഴിയില്ല,’ എന്ന കർശന നിലപാടാണ് ഊർജ്ജ സെക്രട്ടറി റൈറ്റ് സ്വീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി എണ്ണ കടത്തുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. വെനസ്വേലയുടെ തകർന്നടിഞ്ഞ എണ്ണ മേഖല പുനർനിർമ്മിക്കാനും ആഗോള വിപണിയിൽ എണ്ണ ലഭ്യത വർദ്ധിപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്നാണ് യുഎസ്ന്റെ കണക്കുകൂട്ടൽ.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയും, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഊർജ്ജ ഉപഭോക്താവായ ഇന്ത്യയും തമ്മിലുള്ള ഈ വ്യാപാര ബന്ധം ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.