നിയമോപദേശവും വിജിലൻസിന്റെ എതിർപ്പും മറികടന്ന് വി.ഡി സതീശനെ ’പൂട്ടാൻ’ തിടുക്കപ്പെട്ട് സർക്കാർ നീക്കം
തീരുവനന്തപുരം: പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ സർക്കാർ നീക്കം പ്രതിസന്ധിയിൽ. നിയമോപദേശവും വിജിലൻസിന്റെ കണ്ടെത്തലുകളും തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിനായി സർക്കാർ നീങ്ങുന്നതായാണ് സൂചന. എന്നാൽ, സതീശനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
മണപ്പാട് ഫൗണ്ടേഷനുമായി ചേർന്ന് സതീശൻ വിദേശഫണ്ട് സമാഹരിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ, ഈ കേസിൽ വിജിലൻസിന് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യുകയോ പ്രാഥമിക അന്വേഷണത്തിൽ കൃത്യമായ തെളിവുകൾ ലഭിക്കുകയോ ചെയ്യാതെ സിബിഐക്ക് അന്വേഷണം കൈമാറാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ സിബിഐ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയും കുറവാണ്.
സാമ്പത്തിക ഇടപാടുകളിൽ അവ്യക്തത
വിദേശനാണ്യ വിനിമയ നിയമം ലംഘിക്കപ്പെട്ടുവെന്ന വാദവും സതീശന്റെ കാര്യത്തിൽ തിരിച്ചടിയാകും. വിദേശ പണം സതീശന്റെ അക്കൗണ്ടിലേക്കല്ല വന്നതെന്നും മണപ്പാട് ഫൗണ്ടേഷനാണ് ഇത് കൈകാര്യം ചെയ്തതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ നേരിട്ട് പണം കൈപ്പറ്റാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയതോടെ ഫയലുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.
പുതിയ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമോ?
കോൺഗ്രസിന്റെ രാഷ്ട്രീയ ക്യാമ്പും മുൻ മന്ത്രി ആന്റണി രാജുവിനെതിരായ സുപ്രീം കോടതി വിധിയും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് പഴയ റിപ്പോർട്ട് സർക്കാർ വീണ്ടും പുറത്തെടുത്തത്. വിജിലൻസിന്റെ പുതിയ റിപ്പോർട്ട് സതീശന് ക്ലീൻ ചിറ്റ് നൽകുന്നതോടെ സർക്കാരിന്റെ നീക്കങ്ങൾ പാളിയിരിക്കുകയാണ്. അതേസമയം, സതീശനെ നേരിട്ട് പ്രതിയാക്കാൻ കഴിയില്ലെങ്കിൽ മണപ്പാട് ഫൗണ്ടേഷനെതിരെ അന്വേഷണം നടത്താനാണ് ഇപ്പോഴത്തെ ശ്രമം. 1.22 കോടി രൂപയുടെ വിദേശ ഫണ്ടിൽ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഫൗണ്ടേഷനെ സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് വിജിലൻസ് ശുപാർശ.