27/01/2026

ആരാണ് ഡോ. അലി ഷാത്ത്? ഗസ്സയുടെ ഭരണം നിയന്ത്രിക്കാൻ ട്രംപ് നിയോഗിച്ച കരുത്തൻ

 ആരാണ് ഡോ. അലി ഷാത്ത്? ഗസ്സയുടെ ഭരണം നിയന്ത്രിക്കാൻ ട്രംപ് നിയോഗിച്ച കരുത്തൻ

ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഭരണച്ചുമതലയുള്ള ടെക്‌നോക്രാറ്റിക് കമ്മിറ്റിയുടെ തലവനായി പ്രമുഖ സിവിൽ എഞ്ചിനീയർ ഡോ. അലി അബ്ദുൽ ഹമീദ് ഷാത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരിന്നു. ഗസ്സ സ്വദേശിയായ 67കാരനായ ഷാത്ത് നിലവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് താമസം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ നിർണ്ണായക ഘട്ടമെന്ന നിലയിലാണ് നിയമനം നടന്നിരിക്കുന്നത്.

ആരാണ് ഡോ. അലി ഷാത്ത്?
തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിലെ പ്രമുഖമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണ് ഷാത്തിന്റെ ജനനം. അടിസ്ഥാന സൗകര്യ വികസനത്തിലും നഗര വികസനത്തിലും വിദഗ്ധനായ അദ്ദേഹം, യുകെയിലെ ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റിൽ നിന്നാണ് സിവിൽ എഞ്ചിനീയറിങിൽ പിഎച്ച്ഡി നേടിയത്. ഈജിപ്തിലെ ഐൻ ഷംസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മുൻ ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഫലസ്തീൻ അതോറിറ്റിക്ക് കീഴിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഷാത്ത്, ആസൂത്രണഅന്താരാഷ്ട്ര സഹകരണ ഡെപ്യൂട്ടി മന്ത്രിയായും ഗതാഗത മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഫലസ്തീൻ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്‌സ് അതോറിറ്റി, ഹൗസിംഗ് കൗൺസിൽ, പോർട്ട് അതോറിറ്റി എന്നിവയുടെ ചെയർപേഴ്‌സൺ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2005ൽ നടന്ന അന്തിമ സ്റ്റാറ്റസ് ചർച്ചകളിലും ഷാത്ത് സജീവ സാന്നിധ്യമായിരുന്നു.

ഗസ്സയിലെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കാൻ 15 അംഗങ്ങളടങ്ങിയ വിദഗ്ധ സംഘത്തെയാണ് (ടെക്‌നോക്രാറ്റുകൾ) നിയോഗിച്ചിരിക്കുന്നത്. കുടിയിറക്കപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനും അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനുമായിരിക്കും തന്റെ മുൻഗണനയെന്ന് ഷാത്ത് വ്യക്തമാക്കിട്ടുണ്ട്. ‘ഗസ്സയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കടലിൽ പുതിയ ദ്വീപുകളും ഭൂമിയും നിർമ്മിക്കാനായാൽ മൂന്ന് വർഷത്തിനുള്ളിൽ ഗസ്സയ്ക്ക് പുതിയൊരു രൂപം നൽകാൻ എനിക്ക് സാധിക്കും,’ എന്ന് അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

‘ബോർഡ് ഓഫ് പീസ്’ മേൽനോട്ടത്തിൽ ഭരണം
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ‘ബോർഡ് ഓഫ് പീസ്’ എന്ന സംവിധാനത്തിന് കീഴിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. നിരായുധീകരണം, സാങ്കേതിക ഭരണകൂടത്തിന്റെ രൂപീകരണം, സമഗ്രമായ പുനർനിർമ്മാണം എന്നിവയാണ് കരാറിന്റെ രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കമ്മിറ്റി അംഗങ്ങൾ ആദ്യ യോഗത്തിനായി കെയ്‌റോയിലേക്ക് തിരിച്ചിരിന്നു.

കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ഇസ്രയേൽ ആയിരത്തിലധികം തവണ ലംഘിച്ചതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് ആരോപിക്കുന്നുണ്ട്. 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 71,441 ആയി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ഭരണസംവിധാനത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം നടക്കുന്നത്.

Also read: