കടുത്ത നടപടിയുമായി; 16 പ്രമുഖ യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തു, പണികിട്ടിയത് മില്യൻ കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർമാർക്ക്
ന്യൂയോർക്ക്: ഉള്ളടക്കത്തിൽ കടുത്ത നടപടിയുമായി യൂട്യൂബ്. നിലവാരമില്ലാത്തതും ആവർത്തിച്ചുള്ളതുമായ എഐ നിർമിത വീഡിയോകൾ പോസ്റ്റ് ചെയ്ത ജനപ്രിയ ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുകയാണ് കമ്പനി. സ്പാം, തട്ടിപ്പ്, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി 16-ഓളം മുൻനിര ചാനലുകളെയാണ് പ്ലാറ്റ്ഫോമിൽനിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീഡിയോ എഡിറ്റിങ് പ്ലാറ്റ്ഫോമായ കപ്വിങ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 5.9 മില്യൺ സബ്‌സ്‌ക്രൈബർമാരുണ്ടായിരുന്ന ‘ക്വെന്റോസ് ഫെസിയാനന്റസ്(CuentosFacianantes), 5.8 മില്യൺ സബ്‌സ്‌ക്രൈബർമാരുള്ള ‘ഇംപെരിയോ ഡി ജീസസ്'(Imperio de Jesus) തുടങ്ങിയ വമ്പൻ ചാനലുകളും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഡ്രാഗൺ ബോൾ തീം വീഡിയോകളും മതപരമായ ചോദ്യോത്തരങ്ങളും നിർമിച്ചിരുന്ന ഈ ചാനലുകൾക്ക് വൻ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു.
നീക്കം ചെയ്യപ്പെട്ട 16 ചാനലുകൾക്കും കൂടി ഏകദേശം 3.5 കോടി (35 മില്യൺ) സബ്‌സ്‌ക്രൈബർമാരും 470 കോടിയിലധികം വ്യൂസും ഉണ്ടായിരുന്നു. ഇവ വർഷം ഏകദേശം 10 മില്യൺ ഡോളർ (ഏകദേശം 80 കോടി രൂപ) വരുമാനം നേടിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്പാം പോളിസികൾ, തട്ടിപ്പുകൾ എന്നിവയ്ക്കെതിരായ നയങ്ങൾ ലംഘിച്ചതിനാണ് 11 ചാനലുകൾ നീക്കം ചെയ്തതെന്ന് യൂട്യൂബ് വക്താവ് ബൂട്ട് ബുൾവിങ്കിൾ സ്ഥിരീകരിച്ചു. എഐ ഉപയോഗിക്കുന്നത് തെറ്റല്ലെന്നും എന്നാൽ അത് ഉപയോഗിച്ച് നിലവാരമില്ലാത്ത സ്പാം ഉള്ളടക്കം സൃഷ്ടിക്കുന്നത് അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
‘സൂപ്പർ ക്യാറ്റ് ലീഗ്'(Super Cat League) പോലുള്ള ചാനലുകളിലെ വീഡിയോകൾ പൂർണമായും നീക്കം ചെയ്യപ്പെട്ടു. ‘ഹീറോസ് ഡി ഫന്റാസിയ’ (Héroes de Fantasía), ‘അധമാലി-0’ (Adhamali-0), ‘റൂപ25’ (Roupa25) തുടങ്ങിയ ചാനലുകളും നടപടി നേരിട്ടവയിൽ ഉൾപ്പെടുന്നു. ബാക്കിയുള്ള 10 ചാനലുകളുടെ പേരുകൾ റിപ്പോർട്ടുകളിൽ കൃത്യമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഇവ കപ്വിംഗ് തയാറാക്കിയ ‘ടോപ്പ് 100 എഐ ചാനൽസ്’ ലിസ്റ്റിൽ ഉൾപ്പെട്ടവയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും അമേരിക്ക, സ്‌പെയിൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. ഈ ചാനലുകളിൽ ഭൂരിഭാഗവും ഡ്രാഗൺ ബോൾ ഫാൻ വീഡിയോകൾ, മതപരമായ കഥകൾ, പൂച്ചകളുടെ എഐ വീഡിയോകൾ, സ്പാം കണ്ടന്റുകൾ എന്നിവയാണ് പ്രചരിപ്പിച്ചിരുന്നത്.
യഥാർത്ഥ കണ്ടന്റ് ക്രിയേറ്റർമാരെ സംരക്ഷിക്കാനും പ്ലാറ്റ്‌ഫോമിന്റെ നിലവാരം കാത്തുസൂക്ഷിക്കാനുമാണ് യൂട്യൂബ് പുതിയ നടപടികൾ സ്വീകരിക്കുന്നത്. യൂട്യൂബ് സിഇഒ നീൽ മോഹൻ നേരത്തെ തന്നെ നിലവാരമില്ലാത്ത എഐ ഉള്ളടക്കത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എഐ ഉള്ളടക്കം പെരുകുന്നത് യഥാർത്ഥ സൃഷ്ടികളുടെ കാഴ്ചക്കാരെ കുറയ്ക്കുന്നുവെന്ന പരാതികൾക്കിടയിലാണ് യൂട്യൂബിന്റെ നിർണായക നീക്കം.