അടിവസ്ത്രവും ചീപ്പും ഒരുക്കാൻ 50 ജീവനക്കാർ; ബിഎസ്എൻഎൽ ഡയറക്ടറുടെ സന്ദർശനം വിവാദത്തിൽ, ഒടുവിൽ റദ്ദാക്കി
ലഖ്നൗ: മുതിർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി പുറപ്പെടുവിച്ച വിചിത്രമായ ഓഫീസ് ഉത്തരവ് വിവാദമായതോടെ ബിഎസ്എൻഎൽ ഡയറക്ടറുടെ പ്രയാഗ്രാജ് യാത്ര റദ്ദാക്കി. ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ (സിഎഫ്എ) വിവേക് ബൻസലിന്റെ ഫെബ്രുവരി 25, 26 തീയതികളിലെ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഉത്തരവാണ് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായത്.
ഡയറക്ടർക്കും സംഘത്തിനും ആവശ്യമായ അടിവസ്ത്രങ്ങൾ, ഹെയർ ഓയിൽ, ചീപ്പ്, ടവൽ, കണ്ണാടി തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരുക്കാൻ മാത്രം 50 ഓളം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പുണ്യസ്നാനത്തിനായി എത്തുന്ന സംഘത്തിന് ബോട്ട് സവാരിയും ക്ഷേത്ര ദർശനവും ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ടായിരുന്നു. ‘സ്നാൻ കിറ്റുകൾ’ തയ്യാറാക്കുന്നതിലെ അമിത താല്പര്യവും ഉത്തരവിലെ അക്ഷരപ്പിശകുകളും വലിയ തോതിൽ ട്രോളുകൾക്ക് വഴിവെച്ചു.
സംഭവം ബിഎസ്എൻഎല്ലിന്റെ പ്രൊഫഷണൽ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് അധികൃതർ എക്സിൽ കുറിച്ചു. ഔദ്യോഗിക സന്ദർശനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിച്ചതായും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായും ബിഎസ്എൻഎൽ വ്യക്തമാക്കി. 34 വർഷത്തെ പ്രവൃത്തിപരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥനായ വിവേക് ബൻസലിന്റെ യാത്രയുമായി ബന്ധപ്പെട്ട വിവാദം സ്ഥാപനത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.