02/03/2026
[fontresizer_tawhidurrahmandear_widget]

ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ൽ പോയി പ്രധാനമന്ത്രിയെ മാറ്റും; ഇന്ത്യയിൽ വെറുപ്പ് അപകടകരമായ തോതിൽ വളർന്നു-നടൻ കിഷോർ

 ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ 2014-ൽ പോയി പ്രധാനമന്ത്രിയെ മാറ്റും; ഇന്ത്യയിൽ വെറുപ്പ് അപകടകരമായ തോതിൽ വളർന്നു-നടൻ കിഷോർ

നരേന്ദ്ര മോദി, നടന്‍ കിഷോര്‍

ചെന്നൈ: ടൈം ട്രാവൽ ചെയ്യാൻ അവസരം ലഭിച്ചാൽ 2014-ലേക്ക് തിരിച്ചുപോയി ഇന്ത്യയുടെ പ്രധാനമന്ത്രിയെ മാറ്റുമെന്ന് തെന്നിന്ത്യൻ താരം കിഷോർ. പുതിയ ചിത്രമായ ‘മെല്ലിസൈ’യുടെ പ്രമോഷന്റെ ഭാഗമായി ‘ഇന്ത്യ ഗ്ലിറ്റ്സി’ന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തിൽ പിന്നിലേക്ക് സഞ്ചരിക്കാൻ അവസരം ലഭിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർധിച്ചുവരുന്ന വെറുപ്പാണെന്ന് കിഷോർ ചൂണ്ടിക്കാട്ടി. ‘2014-ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. കാരണം ഇന്ത്യ അത്രയേറെ മാറിയിരിക്കുന്നു. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് അപകടകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാൻ ഇനി പതിറ്റാണ്ടുകൾ വേണ്ടിവരും,’ അദ്ദേഹം പറഞ്ഞു.

വെറുപ്പ് ഒരു നിക്ഷേപമാക്കി മാറ്റി അധികാരത്തിൽ വരുന്നത് വലിയ അപകടമാണ്. അത് ഒരു സമുദായത്തിന് നേരെയായാലും നാടിന് നേരെയായാലും ജനാധിപത്യത്തിന് ഭീഷണിയാണ്. ആഗോളതലത്തിൽ തന്നെ ഇത്തരം പ്രവണതകൾ കണ്ടുവരുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം വിമർശിച്ചു.

രാഷ്ട്രീയം എന്നത് അധികാരക്കസേരയല്ലെന്നും ജനസേവനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജവഹർലാൽ നെഹ്റു സ്വയം ‘പ്രഥമ സേവകൻ’ എന്ന് വിളിച്ചപ്പോൾ, നരേന്ദ്ര മോദി ‘പ്രധാന സേവക്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം താനാണ് പ്രധാനി എന്നാണെന്നും കിഷോർ വിമർശിച്ചു. സ്‌നേഹമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. പരസ്പരം വെറുത്തുകൊണ്ട് എങ്ങനെ മുന്നോട്ടുപോകുമെന്നും തന്റെ പുതിയ ചിത്രത്തിന്റെ പ്രമേയം മുൻനിർത്തി അദ്ദേഹം ചോദിച്ചു.

സാമൂഹിക വിഷയങ്ങളിൽ നേരത്തെയും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നടനാണ് കിഷോർ.

Also read: