02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി: അദാനിയോട് വിശദീകരണം തേടി യുഎസ്

 ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി: അദാനിയോട് വിശദീകരണം തേടി യുഎസ്

മുംബൈ: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് യുഎസ് ഏജൻസി വിശദീകരണം തേടി. അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന ഇറാനുമായോ, ഉപരോധപ്പട്ടികയിലുള്ള വ്യക്തികളുമായോ അദാനി ഗ്രൂപ്പ് നേരിട്ടോ അല്ലാതെയോ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് ഫോറിൻ അസറ്റ്‌സ് കൺട്രോൾ (OFAC) അന്വേഷിക്കുന്നത്.

കഴിഞ്ഞവർഷം ജൂണിൽ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് സ്വമേധയാ ഒഎഫ്എസിയെ സമീപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ മാസം മൂന്നിനാണ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് (RFI) ഏജൻസി കത്തയച്ചത്. യുഎസ് ധനകാര്യ സ്ഥാപനങ്ങൾ വഴി നടത്തിയ ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ആവശ്യമായ രേഖകൾ കൈമാറുമെന്നും അദാനി ഗ്രൂപ്പ് റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കി.

അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന അന്വേഷണമാണിത്. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ യുഎസ് നീതിന്യായ വകുപ്പും (DoJ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും (SEC) നേരത്തെ ക്രിമിനൽ, സിവിൽ കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെ വന്ന പുതിയ അന്വേഷണം ഗ്രൂപ്പിന് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Also read: