ആഗോള അയ്യപ്പ സംഗമം: ഒരു കോടി രൂപ സ്പോൺസർഷിപ്പ് കൈമാറി അദാനി ഗ്രൂപ്പ്; ചെലവ് കണക്കിൽ തർക്കം തുടരുന്നു
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ സംഗമത്തിനായി സ്പോൺസർഷിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ച ആകെ തുക നാല് കോടി രൂപയായി. പരിപാടിയുടെ നടത്തിപ്പിനായി ഇനിയും ഒരു കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നാണ് ബോർഡ് കണക്കാക്കുന്നത്.
അതേസമയം, അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (IIIC) തമ്മിലുള്ള തർക്കം മുറുകുകയാണ്. പരിപാടിയുടെ നടത്തിപ്പിനായി 7.11 കോടി രൂപയുടെ ബില്ലാണ് ട്രിപ്പിൾ ഐസി സമർപ്പിച്ചത്. എന്നാൽ ഈ കണക്ക് അമിതമാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് ഇത് തള്ളി. 4.99 കോടി രൂപ മാത്രമേ അനുവദിക്കാനാകൂ എന്ന കർശന നിലപാടിലാണ് ബോർഡ്.
യഥാർത്ഥ ചെലവുകൾ വ്യക്തമാക്കുന്ന ഉപകരാർ ബില്ലുകൾ ഹാജരാക്കാൻ ട്രിപ്പിൾ ഐസിക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. ഓഡിറ്റർ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്നുമാണ് ട്രിപ്പിൾ ഐസിയുടെ വാദം. തുക കുറയ്ക്കണമെന്ന ബോർഡിന്റെ ആവശ്യത്തിൽ വരുംദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും. വൻതുക ചെലവായതിനെക്കുറിച്ച് നേരത്തെയും ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഈ കണക്കെടുപ്പ് ഏറെ നിർണ്ണായകമാണ്.