02/03/2026
[fontresizer_tawhidurrahmandear_widget]

ക്രൈസ്തവരിലെ വർഗീയ ഗ്രൂപ്പുകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകൾ-മാർ ആൻഡ്രൂസ് താഴത്ത്

 ക്രൈസ്തവരിലെ വർഗീയ ഗ്രൂപ്പുകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകൾ-മാർ ആൻഡ്രൂസ് താഴത്ത്

മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂർ: ക്രൈസ്തവർക്കിടയിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില സംഘടനകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

കേരളത്തിലടക്കം സംഘടിതമായ തീവ്രവാദ ഗ്രൂപ്പുകൾ ഓരോ വർഷവും സജീവമായി വരികയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്തും ആർഎസ്എസ് വേറൊരു ഭാഗത്തും പ്രവർത്തിക്കുന്നു. ഇതിനിടയിൽ ക്രൈസ്തവർക്കിടയിലും ഇത്തരം തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുണ്ട്. ഇവരെ മറ്റുചിലർ പ്രോത്സാഹിപ്പിക്കുകയാണ്. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി.

ക്രൈസ്തവർക്ക് പൊതുവെ സമുദായബോധം കുറവാണ്. വർഗീയമായി ചിന്തിക്കുന്നവരല്ല ക്രൈസ്തവർ. എന്നാൽ, മറ്റു മതങ്ങളിൽ വർഗീയത കൂടിവരുന്ന സാഹചര്യത്തിൽ സമുദായബോധം ഉണ്ടാകണമെന്നാണ് സഭ പറയുന്നത്. എന്നാൽ അത് വർഗീയതയായി മാറാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സിറോ മലബാർ സഭയിലെ ആരാധനക്രമ തർക്കത്തിലടക്കം ചിലരുടെ കുത്സിത ശ്രമങ്ങൾ നടന്നിട്ടുണ്ട്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥൻ നൽകിയ വിവരമനുസരിച്ച്, സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ അവർ പദ്ധതിയിട്ടിരുന്നു. ഏറ്റവും സംഘടിതമായി നിൽക്കുന്ന സഭാ വിഭാഗത്തെ തമ്മിലടിപ്പിച്ച് തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ആൻഡ്രൂസ് താഴത്ത് ആരോപിച്ചു.

രാജ്യത്ത് ക്രൈസ്തവ ജനസംഖ്യ 2.7 ശതമാനത്തിൽനിന്ന് 2.3 ശതമാനമായി കുറഞ്ഞു. കത്തോലിക്കർ 1.67 ശതമാനം മാത്രമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിദേശ കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. പ്ലസ് ടു കഴിയുമ്പോഴേക്കും നാടുവിടാനാണ് കുട്ടികൾ ശ്രമിക്കുന്നത്. ഇത് സമുദായത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

Also read: