03/04/2026
[fontresizer_tawhidurrahmandear_widget]

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം ധനസഹായം കൈമാറി ബംഗ്ലാദേശ് സർക്കാർ

 ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് 18 ലക്ഷം ധനസഹായം കൈമാറി ബംഗ്ലാദേശ് സർക്കാർ

ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്‌സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് ഒരു സംഘം ആളുകൾ ദിപുവിനെ ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് യുവാവിന്റെ മൃതദേഹം വിവസ്ത്രനാക്കി മരത്തിൽ കെട്ടിത്തൂക്കി തീയിടുകയും ചെയ്തിരുന്നു. ഈ സംഭവം ബംഗ്ലാദേശിലും ഇന്ത്യയിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ദിപു ദാസിന്റെ കുടുംബത്തിലെ ഏക വരുമാന സ്രോതസ് അദ്ദേഹമായിരുന്നു എന്നത് കണക്കിലെടുത്താണ് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചത്. ദിപുവിന്റെ പിതാവിനും ഭാര്യയ്ക്കും 10 ലക്ഷം ടാക്ക വീതം നൽകി. കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി അഞ്ചു ലക്ഷം ടാക്ക സ്ഥിരനിക്ഷേപമായി മാറ്റി. കൂടാതെ, കുടുംബത്തിന് സ്ഥിരമായി താമസിക്കാൻ വീട് നിർമിച്ചുനൽകാനും നാഷണൽ ഹൗസിങ്് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ധനസഹായം സ്വീകരിച്ചെങ്കിലും കേസിൽ നീതി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ദിപുവിന്റെ കുടുംബം. കേസിൽ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും എല്ലാ പ്രതികളെയും പിടികൂടിയിട്ടില്ലെന്ന് ദിപുവിന്റെ മാതാവ് ഷെഫാലി റാണി ദാസ് പറഞ്ഞു. കേസ് അന്വേഷണത്തിൽ കുടുംബം തൃപ്തരല്ലെന്നും വിധവയായ മരുമകൾക്ക് സർക്കാർ ജോലി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആർ അബ്രാർ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ദിപുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ക്രൂരകൃത്യമാണെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണു ധനസഹായം കൈമാറിയിരിക്കുന്നത്.

Also read: