‘ഇന്ത്യയിലെ വന്‍കിട ബീഫ് കയറ്റുമതിക്കാര്‍ ഇവരാണ്; എന്നിട്ടും എന്തുകൊണ്ട് മുസ്‌ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാകുന്നു’-ജവഹര്‍ സിര്‍ക്കാര്‍
കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാര്‍ മുസ്‌ലിംകളാണെന്ന സംഘ്പരിവാര്‍ പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ രാജ്യസഭാ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ സിര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ബിജെപി അനുകൂല പ്രൊഫൈലുകളുടെ (‘മോദി കാ പരിവാര്‍’) അവകാശവാദങ്ങളെ ചോദ്യം ചെയ്തത്.
ഇന്ത്യയിലെ മുന്‍നിര ബീഫ് കയറ്റുമതി സ്ഥാപനങ്ങളുടെ ഉടമകള്‍ മുസ്‌ലിംകളല്ലെന്നും, അവര്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലോണ്‍ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ നല്‍കുന്ന വിവരങ്ങള്‍ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ജവഹര്‍ സിര്‍ക്കാര്‍ പങ്കുവെച്ച പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍ ഇവരാണ്:
- അല്‍ കബീര്‍(Al Kabeer): സബര്‍വാള്‍ കുടുംബം(Sabharwals)
- അല്‍-നൂര്‍ എക്‌സ്‌പോര്‍ട്ട്‌സ്(Al-Noor Exports): സുനില്‍ സൂദ്, അജയ് സൂദ്
- അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്‌സ്(Arabian Exports): അശോക് നാരംഗ്, വികാസ് ഷിന്‍ഡെ, വീര്‍നാഥ് കുഡ്മുലെ
- എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സ്(MKR Frozen Food Exports): മദന്‍ അബോട്ട്
- എ.ഒ.ബി എക്‌സ്‌പോര്‍ട്ട്‌സ്(AOB Exports): ഒ.പി അറോറ
ഈ പേരുകള്‍ ചൂണ്ടിക്കാട്ടി, ‘ഇവര്‍ മുസ്‌ലിംകളാണോ അതോ ഹിന്ദുക്കളാണോ?’ എന്ന് സിര്‍ക്കാര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും എന്തിനാണ് എപ്പോഴും സത്യം വളച്ചൊടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമായി തുടരുന്നു. അപ്പോഴും ബീഫിന്റെ പേരില്‍ മുസ്‌ലിംകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നത് എന്തുകൊണ്ടാണെന്ന സുപ്രധാന ചോദ്യവും അദ്ദേഹം ട്വീറ്റില്‍ ഉന്നയിക്കുന്നുണ്ട്.