21/07/2026
[fontresizer_tawhidurrahmandear_widget]

12-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ

 12-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 24 പർഗാനാസ് ജില്ലയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ സംഘർഷം. പെൺകുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിച്ചുതന്ന യുവാവിനെ പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. ബാരുയിപുരിലെ സൂര്യപുർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ശനിയാഴ്ച സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. തിരച്ചിലിന് പോലീസ് സഹായം നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ നാട്ടുകാർ പിടികൂടിയ പ്രതികളിൽ ഒരാളാണ് മൃതദേഹം ഒളിപ്പിച്ച വിവരം നൽകിയത്. സൂര്യപുർ ഹട്ട് മേഖലയിലെ കുളത്തിനരികിൽ ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിനു പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ഐജി കങ്കർപ്രസാദ് ബറൂയി സ്ഥിരീകരിച്ചു.

സംഭവത്തെത്തുടർന്ന് ബാരുയിപുർ-ജോയ്‌നഗർ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ തകർത്തു. പ്രദേശത്ത് നിലവിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേസിൽ ഒരു പ്രാദേശിക ബിജെപി പ്രവർത്തകൻ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം (SIT) കേസ് അന്വേഷിക്കുമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. സുതാര്യമായ അന്വേഷണം ഉറപ്പുനൽകിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ പ്രതിഷേധക്കാർ സമ്മതിച്ചത്.

Also read: