‘ബംഗാളിൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനും കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്നു, ഈ നീക്കത്തെ ബംഗാൾ തള്ളിക്കളയും’: ഡെറിക് ഒബ്രയാൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവും ജോയിന്റ് സെക്രട്ടറിയുമായ ഡെറക് ഒബ്രയാൻ രംഗത്ത്. സർക്കാരിന്റെ ഈ നീക്കം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുന്നതാണെന്നും സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്കൂൾ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചുമതല പശ്ചിമ ബംഗാൾ സർക്കാർ ഇസ്കോണിനെ ഏൽപ്പിച്ചതായി തിങ്കളാഴ്ച ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെനു മാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നത്.
കേന്ദ്രസർക്കാരിന്റെ ‘പിഎം പോഷൺ’ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. “തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മത്സ്യം കഴിക്കൽ നാടകത്തിന് ശേഷം ‘ഗുജറാത്ത് ജിംഖാന’ ഒടുവിൽ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു. ബംഗാളിൽ പുതിയ ബിജെപി സർക്കാർ പ്രവർത്തനം തുടങ്ങിയിരിക്കുന്നു,” എന്ന് ഒബ്രയാൻ എക്സിൽ കുറിച്ചു. രാഷ്ട്രീയ എതിരാളികൾക്ക് നേരെ മുട്ടയെറിയുന്നവർ, സ്കൂൾ ഭക്ഷണത്തിൽ നിന്ന് അത് ഒഴിവാക്കി കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുകയാണെന്നും സസ്യാഹാരം അടിച്ചേൽപ്പിക്കാനുള്ള ഈ ശ്രമത്തെ ബംഗാൾ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ മെനു ഒന്നും തന്നെ നിലവിൽ അന്തിമമാക്കിയിട്ടില്ലെന്നും ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വ്യക്തമാക്കി ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാമൻ ദാസ് രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഒരു ലിസ്റ്റും പുറത്തുവിട്ടിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ പങ്കുവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.