06/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിൽ നിക്ഷേപം നടത്തുന്നത് നിരോധിച്ച് ചൈന; രാജ്യം അപകടസാധ്യതയുള്ള ‘റെഡ് കാറ്റഗറി’യിൽ

 ഇസ്രയേലിൽ നിക്ഷേപം നടത്തുന്നത് നിരോധിച്ച് ചൈന; രാജ്യം അപകടസാധ്യതയുള്ള ‘റെഡ് കാറ്റഗറി’യിൽ

ബെഞ്ചമിന്‍ നെതന്യാഹു, ഷി ജിന്‍പിങ്

ബെയ്ജിങ്/തെൽ അവീവ്: ഇസ്രയേലിൽ നിക്ഷേപം നടത്തുന്നതിന് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചൈനീസ് നിക്ഷേപ ഫണ്ടായ ബാലെ വിഷൻ (Ballet Vision) ആണ് ഇസ്രയേലിനെ ഉയർന്ന അപകടസാധ്യതയുള്ള ‘റെഡ് കാറ്റഗറി’ മേഖലയായി തരംതിരിച്ചെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. 2023 ഒക്ടോബർ ഏഴിനു ശേഷം മേഖലയിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കമെന്നാണ് സൂചന.

ഇസ്രയേൽ മാധ്യമമായ ‘യെദിയോത്ത് അക്രോനോത്ത്’ ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ഇസ്രയേലിലെ കിബ്ബട്ട്സ് ഹനിത എന്ന സ്ഥാപനം ബാലെ വിഷനെതിരെ നൽകിയ 11 ദശലക്ഷം ഡോളറിന്റെ നിയമവ്യവഹാരത്തിനിടെയാണു പുതിയ വിവരങ്ങൾ പുറത്തുവന്നത്. കണ്ണിലെ ലെൻസുകൾ നിർമിക്കുന്ന ‘ഹനിത ലെൻസസ്’ എന്ന ഫാക്ടറിയുടെ ബാക്കി ഓഹരികൾ കൂടി വാങ്ങാനുള്ള കരാറിൽനിന്ന് ചൈനീസ് ഫണ്ട് പിന്നോട്ട് പോയിരുന്നു. സർക്കാർ ഏർപ്പെടുത്തിയ നിക്ഷേപ വിലക്കാണ് ഇതിന് തടസ്സമായി നിൽക്കുന്നതെന്നാണ് ബാലെ വിഷൻ കോടതിയിൽ വ്യക്തമാക്കിയത്.

ഹനിത ലെൻസസിന്റെ 80 ശതമാനം ഓഹരികളും നിലവിൽ ചൈനീസ് ഫണ്ടിന്റെ പക്കലാണ്. ബാക്കിയുള്ള ഓഹരികൾ കൂടി വാങ്ങി ഉടമസ്ഥാവകാശം പൂർണമാക്കാനുള്ള സാധ്യത കമ്പനി പ്രയോജനപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലി കമ്പനി കോടതിയെ സമീപിച്ചത്.

ഇതിനു മറുപടിയിലാണ് ബാലെ വിഷൻ ഡയറക്ടറും ഹനിത ലെൻസസിന്റെ ആക്ടിങ് സിഇഒയുമായ ലിയു യുക്‌സിയാവോ ഭരണതലത്തിലുള്ള മാറ്റത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. പുതിയ മൂലധന നിക്ഷേപങ്ങൾക്ക് ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലിയു അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇസ്രയേലിലെ സംഘർഷാവസ്ഥ കാരണം രാജ്യം റെഡ് കാറ്റഗറിയിലാണെന്നും അതിനാൽ ഓഹരികൾ വാങ്ങുന്നതിനായി പണം കൈമാറാൻ കഴിയില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനി 15 ദശലക്ഷം ഡോളറിലധികം നഷ്ടം രേഖപ്പെടുത്തിയതായും ഇവർ പറയുന്നു.

അതേസമയം, ഇസ്രയേലിൽ പുതിയ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ചൈനീസ് വാണിജ്യ മന്ത്രാലയമോ മറ്റ് സർക്കാർ ഏജൻസികളോ ഇതുവരെ ഔദ്യോഗികതലത്തിൽ പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല. ചൈന ഇസ്രയേലുമായുള്ള സാങ്കേതിക-അടിസ്ഥാന സൗകര്യ മേഖലകളിലെ സഹകരണം തുടർന്നുപോരുന്ന പശ്ചാത്തലത്തിൽ, ബാലെ വിഷന്റെ അവകാശവാദം നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള പഴുതാക്കുകയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അടുത്തിടെ അമേരിക്കൻ-ഇസ്രയേൽ സൈബർ സുരക്ഷാ ഉൽപ്പന്നങ്ങൾക്ക് ചൈന ആഭ്യന്തര വിപണിയിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇസ്രയേലും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവിൽ 16 ബില്യൺ ഡോളറിന് മുകളിലാണെങ്കിലും ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Also read: