02/03/2026
[fontresizer_tawhidurrahmandear_widget]

അന്ന് കങ്കണയെ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാർഥികളെ കോൺഗ്രസിനെതിരായ പ്രതിഷേധത്തിന് കൂലിക്ക് ഇറക്കി; ഗൽഗോട്ടിയാസ് യൂനിവേഴ്‌സിറ്റി വിവാദത്തിൽപെടുന്നത് ഇതാദ്യമായല്ല

 അന്ന് കങ്കണയെ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാർഥികളെ കോൺഗ്രസിനെതിരായ പ്രതിഷേധത്തിന് കൂലിക്ക് ഇറക്കി; ഗൽഗോട്ടിയാസ് യൂനിവേഴ്‌സിറ്റി വിവാദത്തിൽപെടുന്നത് ഇതാദ്യമായല്ല

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നാണംകെട്ട ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ പഴയകാല തട്ടിപ്പുകളും ചർച്ചയാകുകയാണ്. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ച ഗോ-2 റോബോട്ടിനെ സ്വന്തമെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ച യൂണിവേഴ്‌സിറ്റിയെ സമ്മിറ്റിൽനിന്ന് പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, 2024-ൽ കോൺഗ്രസിനെതിരായ പ്രതിഷേധ റാലിക്കായി വിദ്യാർത്ഥികളെ കൂലിക്ക് ഇറക്കിയതും പണം നൽകി റാങ്കിങ് ഒപ്പിച്ചതും ഉൾപ്പെടെയുള്ള തട്ടിപ്പുകളുടെ കഥകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

2024 മെയ് മാസത്തിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പ്രതിഷേധം വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ഗൽഗോട്ടിയാസിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ചു പങ്കെടുപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ഗാന്ധി ഉയർത്തിയ പൈതൃക സ്വത്തവകാശം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ കോൺഗ്രസ് ആസ്ഥാനത്തേക്കാണു വിദ്യാർഥികളെ കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചത്.

എന്നാൽ, ഏറെ ചിരി പടർത്തിയ കാര്യം, പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ മാധ്യമസംഘങ്ങൾക്കു മുന്നിൽ നാണംകെട്ടതായിരുന്നു. എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉത്തരം നൽകാനാകാതെ വിദ്യാർത്ഥികൾ വിയർത്തു. തങ്ങൾ എന്തിനാണ് അവിടെ പോയതെന്നു പോലും അവർക്ക് അറിയില്ലായിരുന്നു. കൈയിലുള്ള പ്ലക്കാർഡുകളിലുള്ള വിഷയങ്ങൾ ചോദിച്ചപ്പോഴും അബദ്ധപ്പെരുമഴയായിരുന്നു വിദ്യാർഥികളുടെ മറുപടി. പ്ലക്കാർഡുകളിൽ എഴുതിയിരുന്ന അക്ഷരത്തെറ്റുകളും വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ലക്ഷ്മി ശർമ എന്ന വിദ്യാർത്ഥി എക്‌സിൽ നടത്തിയ വെളിപ്പെടുത്തലുകൾ സർവകലാശാലയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത് കോൺഗ്രസിനെതിരെ സംസാരിക്കുന്നവർക്ക് മുഴുവൻ ‘ഇന്റേണൽ മാർക്കുകളും’ നൽകാമെന്ന് യൂണിവേഴ്‌സിറ്റി മാനേജ്മെന്റ് വാഗ്ദാനം ചെയ്തിരുന്നുവത്രെ. അക്കാദമിക് കാര്യങ്ങൾ രാഷ്ട്രീയ പ്രൊപ്പഗണ്ടയ്ക്കായി ഉപയോഗിക്കുന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു ഇത്.

ബിജെപി നേതാവും നടിയുമായ കങ്കണ റണാവത്തിനെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കാമെന്നു പറഞ്ഞാണ് തങ്ങളെ മാനേജ്മെന്റ് ബസ്സിൽ കയറ്റിയതെന്നും ലക്ഷ്മി ശർമ വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ കയ്യിൽ പ്ലക്കാർഡുകൾ നിർബന്ധപൂർവം നൽകുകയായിരുന്നു. യാഥാർഥ്യം അറിയാതെ തങ്ങൾ പ്രൊപ്പഗണ്ടയുടെ ഭാഗമാകുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ പിന്നീട് പരസ്യമായി മാപ്പപേക്ഷിച്ചു.

രാഷ്ട്രീയ പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികളെ കരുവാക്കിയ അതേ മാനേജ്മെന്റ് തന്നെയാണ് ഇപ്പോൾ എഐ സമ്മിറ്റിലും തട്ടിപ്പുമായി എത്തിയത്. സ്വന്തം കാമ്പസിൽ വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെട്ട ‘ഒറിയോൺ’ എന്ന റോബോട്ട് വെറും 2.5 ലക്ഷം രൂപയ്ക്ക് ചൈനയിൽനിന്ന് വാങ്ങിയതാണെന്ന് തെളിഞ്ഞതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യത പൂർണമായും തകർന്നു.

വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നതിന് പകരം, ഭരണകൂടത്തെ പ്രീണിപ്പിക്കാനും വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് റാങ്കിങ്ങുകൾ വർധിപ്പിക്കാനും ശ്രമിച്ചാൽ ഇതായിരിക്കും ഫലമെന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. യഥാർത്ഥ ഗവേഷണമോ നൈതികതയോ ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയ്ക്ക് ആഗോളതലത്തിൽ അപമാനമുണ്ടാക്കുകയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. സമ്മിറ്റിലെ പുതിയ വിവാദം, ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ പണ്ട് മുതലേയുള്ള തട്ടിപ്പ് ശൈലിയുടെ തുടർച്ച മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, റോബോട്ട് വിവാദം കത്തിപ്പടർന്നതോടെ യൂണിവേഴ്‌സിറ്റി വക്താക്കളും പ്രൊഫസർ ഡോ. ഐശ്വര്യ ശ്രീവാസ്തവയും മാധ്യമങ്ങളോട് പ്രതികരിച്ചു. റോബോട്ട് തങ്ങൾ സ്വന്തമായി നിർമിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നാണ് യൂനിവേഴ്‌സിറ്റി ഇപ്പോൾ വാദിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ പ്രദർശിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു എന്നാണ് ഇവരുടെ വാദം.

റോബോട്ടിന്റെ യഥാർത്ഥ ബ്രാൻഡിങ് സ്റ്റിക്കറുകൾ മാറ്റി യൂണിവേഴ്‌സിറ്റിയുടെ ലോഗോ വെച്ചത് തട്ടിപ്പിനല്ലെന്നും, മറിച്ച് തങ്ങളുടെ ‘സെന്റർ ഓഫ് എഐ എക്‌സലൻസിനെ’ പ്രതിനിധീകരിക്കാനാണെന്നും അധികൃതർ ന്യായീകരിക്കുന്നു. തങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഒരു പ്രൊപ്പഗണ്ട കാമ്പയിൻ ആണെന്നാണ് യൂണിവേഴ്‌സിറ്റി സിഇഒ ധ്രുവ് ഗൽഗോട്ടിയ ഉൾപ്പെടെയുള്ളവർ ആരോപിച്ചത്. മുൻപ് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചിലർ മനഃപൂർവ്വം യൂണിവേഴ്‌സിറ്റിയെ വേട്ടയാടുകയാണെന്നും അവർ പറയുന്നു.

എന്നാൽ, സമ്മിറ്റിൽ നിന്നുള്ള വീഡിയോകളിൽ സർവകലാശാലാ പ്രതിനിധികൾ ഇത് തങ്ങളുടെ കണ്ടുപിടുത്തമാണെന്ന രീതിയിൽ വിശദീകരിക്കുന്നത് വ്യക്തമാണ്. സർവകലാശാലയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സംഘാടകർ അവരെ സമ്മിറ്റിൽനിന്ന് പുറത്താക്കിയത്. ചൈനീസ് ഉൽപ്പന്നം സ്വന്തമെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചത് ‘ഇന്ത്യ എഐ’ എന്ന ലക്ഷ്യത്തിന് വിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Also read: