ആഗോള അയ്യപ്പ സംഗമം: ഒന്നിനും കണക്കില്ല, ഗുരുതര ക്രമക്കേട്; ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ, രണ്ട് കോടി തിരിച്ചടച്ചെന്ന വി.എൻ വാസവന്റെ വാദം പൊളിയുന്നു
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ അതീവ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പരിപാടിക്കായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ സ്‌പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ വിശദീകരണം റിപ്പോർട്ടിലെ വിവരങ്ങളോടെ തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ മറുപടിയിൽ തുക തിരിച്ചുകിട്ടിയെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും, ഈ തുക ലഭിച്ചിട്ടില്ലെന്നും രണ്ട് കോടിയുടെ സ്‌പോൺസർമാർ ആരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ സർക്കാർ യഥാർത്ഥ വിവരങ്ങൾ സഭയിൽ നിന്ന് മറച്ചുവെച്ചോ എന്ന ചോദ്യം ശക്തമായിട്ടുണ്ട്.
നടത്തിപ്പിൽ സാമ്പത്തിക സുതാര്യത ഒട്ടുമില്ലെന്നും കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും സ്‌പെഷ്യൽ കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ടെൻഡർ വിളിക്കാതെയാണ് പന്തൽ നിർമാണമടക്കമുള്ള കരാറുകൾ നൽകിയത്. 10 ശതമാനം അധിക തുക നൽകി അനുവദിച്ച കരാറിലെ പല ഉപകരാറുകളും ഓഡിറ്റിങ്ങിന് ഹാജരാക്കിയിട്ടില്ല. നിലവിൽ ഊരാളുങ്കലിന് മാത്രം 4.04 കോടി രൂപ നൽകാനുണ്ട്. ഇതിന് പുറമെ കുമരകം ഗോകുലം ഗ്രാൻഡ്, താജ് കുമരകം തുടങ്ങി നിരവധി ആഡംബര റിസോർട്ടുകൾക്കും ഹോട്ടലുകൾക്കുമായി ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണ വിതരണത്തിലും വലിയ തോതിലുള്ള കണക്കുപിശകുകളാണ് കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പ സംഗമത്തിൽ ആകെ 4,000 പേർ പങ്കെടുത്തെന്നാണ് സർക്കാർ കണക്കെങ്കിലും രാത്രി മാത്രം 3,000 പേർ ഭക്ഷണം കഴിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ 500ൽ താഴെ ആളുകൾ മാത്രമാണ് ഭക്ഷണം കഴിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. പല ഹോട്ടൽ ബില്ലുകളിലും ജിഎസ്ടി നമ്പറുകൾ ഇല്ലാത്തതിനാൽ ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കില്ലെന്നതും ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ക്രമക്കേടുകൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് മന്ത്രി വി.എൻ വാസവൻ ഒഴിഞ്ഞുമാറി.