സ്വർണവിലയിൽ വൻ വീഴ്ച: നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ
കോഴിക്കോട്: സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവൻ വിലയിൽ 6,640 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി താഴ്ന്നു. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 20,040 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ന് പവൻ വില 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിനുപിന്നാലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതും ഡോളർ കരുത്താർജ്ജിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണമായത്. ഇന്നലെ പവൻ വില 1,17,760 രൂപയായിരുന്നു.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,687 ഡോളർ എന്ന നിലയിലാണ്. അന്താരാഷ്ട്ര തലത്തിൽ 58 ഡോളറിന്റെ ഇടിവ് സ്വർണത്തിനുണ്ടായപ്പോൾ വെള്ളി വിലയിൽ നേരിയ വർധനവ് പ്രകടമാണ്. വെള്ളി ഔൺസിന് 3.23 ഡോളർ വർധിച്ച് 79.25 ഡോളറിലെത്തി.