07/03/2026
[fontresizer_tawhidurrahmandear_widget]

ആളൊഴിഞ്ഞ പറമ്പിൽ ‘വാസു’വും ‘അസ്‌ന’യും എന്നെഴുതിയ തലയോട്ടികളും അസ്ഥികളും; പോലീസ് അന്വേഷണം തുടങ്ങി

 ആളൊഴിഞ്ഞ പറമ്പിൽ ‘വാസു’വും ‘അസ്‌ന’യും എന്നെഴുതിയ തലയോട്ടികളും അസ്ഥികളും; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവല്ലം പടിഞ്ഞാറെ പൂങ്കുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യത്തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തുന്നു. ആനക്കുഴി റോഡിന് സമീപമുള്ള അബ്ദുള്ള എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ഉള്ളതിനാൽ തിരുവല്ലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

കണ്ടെത്തിയ തലയോട്ടികളിൽ പേരുകൾ എഴുതിയിരിക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഒരു തലയോട്ടിക്ക് പിന്നിൽ ‘വാസു’ എന്നും, രണ്ടായി പിളർന്ന മറ്റൊരു തലയോട്ടിക്ക് ഉള്ളിലായി ‘അസ്‌ന’ എന്നും എഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിലും സമീപത്തെ കരിയിലക്കൂട്ടത്തിലുമായി 25-ഓളം അസ്ഥിക്കഷ്ണങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്. പറമ്പിന്റെ മേൽനോട്ടക്കാരനായ രാധാകൃഷ്ണൻ ചക്കയിടാൻ എത്തിയപ്പോഴാണ് തലയോട്ടികൾ കണ്ടത്.

തുടർന്ന് വാർഡ് മെമ്പർ മുഖേന പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധരും ഫിംഗർപ്രിന്റ് ബ്യൂറോയും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. അസ്ഥികളിൽ മാംസം ഉണങ്ങിയ അവശിഷ്ടങ്ങളും നേരിയ ദുർഗന്ധവും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മരണപ്പെട്ടവരാണോ അതോ മറ്റേതെങ്കിലും ആവശ്യത്തിനായി എത്തിച്ചതാണോ എന്ന് വ്യക്തമല്ല. കണ്ടെടുത്ത ഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമേ അസ്ഥികളുടെ പഴക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ.

Also read: