അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റ് പണം അമേരിക്കയിലെ ഗ്രാമീണർക്ക് ലഭ്യമാക്കുമെന്ന് യുഎസ്; വ്യാപാര കരാറിലെ വ്യവസ്ഥ പരസ്യമാക്കണമെന്ന് പ്രിയങ്ക
നരേന്ദ്ര മോദി, പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: പുതിയ ഇന്ത്യാ-യുഎസ് വ്യാപാര കരാറിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സർക്കാർ ബലികഴിക്കുകയാണോ എന്ന് പ്രിയങ്ക ചോദിച്ചു.
അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇനി മുതൽ ഇന്ത്യൻ വിപണിയിൽ സ്വതന്ത്രമായി വിൽക്കപ്പെടുമെന്നും, അത് അമേരിക്കൻ ഗ്രാമങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നുമുള്ള യുഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമർശനം. എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുമെന്നും അതിലൂടെ ഗ്രാമീണ അമേരിക്കയിലേക്ക് പണമെത്തുമെന്നുമാണ് യുഎസ് അവകാശപ്പെടുന്നത്. ഈ കരാറിന്റെ യഥാർത്ഥ വ്യവസ്ഥകൾ എന്താണെന്ന് അറിയാൻ ഇന്ത്യയിലെ കോടിക്കണക്കിന് കർഷകർക്ക് അവകാശമുണ്ട്. കാർഷിക മേഖലയെ അമേരിക്കയ്ക്ക് മുന്നിൽ പൂർണമായും തുറന്നുകൊടുക്കുകയാണോ? ഇന്ത്യൻ കർഷകരെ വൻകിട അമേരിക്കൻ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തിലേക്ക് തള്ളിവിടുകയാണോ? കർഷകരുടെ താൽപ്പര്യങ്ങളിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ ഉടൻ വ്യക്തമാക്കണം’- പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ കരാർ പ്രഖ്യാപിച്ചത്. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേലുള്ള നികുതി 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി അമേരിക്ക കുറയ്ക്കും. പകരം, കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചില അമേരിക്കൻ സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ ഇന്ത്യ ലഘൂകരിക്കുമെന്നും, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി അമേരിക്കയിൽനിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ-സാങ്കേതിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ധാരണയായെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കർഷകരെ സർക്കാർ ‘വിറ്റു’ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. എന്നാൽ, ക്ഷീര, കാർഷിക മേഖലകളെ കരാറിലെ പ്രതികൂല ബാധ്യതകളിൽനിന്ന് സംരക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ വിശദീകരണം.