02/03/2026
[fontresizer_tawhidurrahmandear_widget]

തുടർച്ചയായ അപകടങ്ങൾ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് ജെറ്റുകൾ നിർത്തിവച്ചു

 തുടർച്ചയായ അപകടങ്ങൾ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് ജെറ്റുകൾ നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം ആദ്യമുണ്ടായ അപകടത്തെത്തുടർന്ന് 30-ഓളം സിംഗിൾ സീറ്റ് ജെറ്റുകളുടെ പ്രവർത്തനമാണ് അടിയന്തര പരിശോധനകൾക്കായി നിർത്തിവെച്ചിരിക്കുന്നത്. വിപുലമായ സാങ്കേതിക അന്വേഷണത്തിന്റെ ഭാഗമായാണ് വ്യോമസേനയുടെ നടപടി.

പതിവ് പരിശീലന പറക്കലിന് ശേഷം പ്രധാന വ്യോമതാവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ഓൺബോർഡ് സിസ്റ്റങ്ങളിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വിമാനത്തിന്റെ എയർഫ്രെയിമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പൈലറ്റ് പരിക്കുകളില്ലാതെ സുരക്ഷിതമായി ഇജക്ട് ചെയ്തു.

വ്യോമസേനയുടെ ഭാഗമായതിന് ശേഷം തകരുന്ന മൂന്നാമത്തെ തേജസ് വിമാനമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലായിരുന്നു ആദ്യ അപകടം. കഴിഞ്ഞ വർഷം നവംബറിൽ ദുബൈ എയർഷോയ്ക്കിടെയുണ്ടായ രണ്ടാമത്തെ അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

പുതിയ തേജസ് എംകെ1എ പതിപ്പിന്റെ കൈമാറ്റം വൈകുന്ന സാഹചര്യത്തിലാണ് നിലവിലെ പ്രതിസന്ധി. 180 വിമാനങ്ങൾക്കായി വ്യോമസേന ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഡെലിവറി ഏകദേശം രണ്ട് വർഷത്തോളം വൈകിയാണ് നടക്കുന്നത്. പുതിയ അപകടത്തെക്കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.

Also read: