എൽഡിഎഫിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടി, എന്നിട്ടും അവഗണിച്ചു; വഖഫ് ബോർഡ് പുനഃസംഘടനയിൽ ഐഎൻഎല്ലിന് കടുത്ത അതൃപ്തി
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ എൽഡിഎഫിലെ ഘടകകക്ഷിയായ ഐഎൻഎല്ലിനെ പൂർണ്ണമായും തഴഞ്ഞതിൽ പാർട്ടിയിൽ കടുത്ത അമർഷം. മുന്നണിയിലെ ഏക മുസ്ലിം ന്യൂനപക്ഷ പാർട്ടിയായിട്ടും ബോർഡിൽ ഒരംഗത്തെ പോലും ഉൾപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
എട്ടംഗ ബോർഡിൽ പകുതിയോളം പേരും സിപിഎം പ്രതിനിധികളാണ്. മുൻപ് മുന്നണിയുടെ ഭാഗമല്ലാതിരുന്ന കാലത്ത് പോലും ഐഎൻഎല്ലിന് ബോർഡിൽ പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്വന്തമായി എംഎൽഎ ഉണ്ടായിട്ടും പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ ഐഎൻഎല്ലിന് മാത്രമല്ല, ഒരു ഘടകകക്ഷിക്കും ഇത്തവണ ബോർഡിൽ അംഗത്വം നൽകിയിട്ടില്ലെന്നാണ് സിപിഎം ഇതിന് നൽകുന്ന വിശദീകരണം.