02/03/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ സൈനികാഭ്യാസം; ശത്രുവ്യോമലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് ടിവി

 ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ സൈനികാഭ്യാസം; ശത്രുവ്യോമലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് ടിവി

തെഹ്‌റാൻ: അമേരിക്കയുമായി നിർണായക ആണവ ചർച്ചകൾ പുരോഗമിക്കവെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ട് ഇറാന്റെ സുപ്രധാന നീക്കം. സുരക്ഷാ മുൻകരുതലുകൾ എന്ന പേരിലാണു കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. എന്നാൽ, ഈ സമയത്ത് ഇറാൻ വിപ്ലവ ഗാർഡിന്റെ വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധഭീഷണികൾക്കിടെ ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത്.

‘സ്മാർട്ട് കൺട്രോൾ ഓഫ് ഹോർമുസ് സ്‌ട്രൈറ്റ്’ എന്ന പേരിൽ നടന്ന അഭ്യാസപ്രകടനത്തിൽ തത്സമയ വെടിവെപ്പും മിസൈൽ പരീക്ഷണങ്ങളും ഉൾപ്പെട്ടിരുന്നു. 150 കിലോമീറ്റർ ദൂരപരിധിയുള്ള സർഫസ്-ടു-എയർ മിസൈലായ ‘സയ്യാദ് 3-എ’ ഉപയോഗിച്ച് ശത്രുക്കളുടെ വ്യോമലക്ഷ്യങ്ങളെ തകർക്കുന്ന ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടിവി പുറത്തുവിട്ടു. അഭ്യാസത്തിൽ കാണിക്കുന്ന ആയുധങ്ങളല്ല, യുദ്ധദിവസം യുദ്ധക്കളത്തിൽ എത്തുക എന്ന് ഐആർജിസി നേവി കമാൻഡറും ഇതിനിടെ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ പുതിയ നീക്കവും മുന്നറിയിപ്പുകളും അമേരിക്കയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഏത് ദിശയിൽനിന്നും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് തങ്ങളുടെ പുതിയ മിസൈലുകളെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്.

ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന് ആവശ്യമായ ചരക്കുകളുടെ അഞ്ചിലൊന്ന് പ്രതിദിനം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഏകദേശം 20 ദശലക്ഷം ബാരൽ വരുമിത്. ഒമാനും ഇറാനും ഇടയിലായാണു കടലിടുക്ക് സ്ഥിതി ചെയ്യുന്നത്.

ഈ ഇടുങ്ങിയ കടൽപ്പാതയ്ക്ക് പകരം വെക്കാൻ മറ്റൊരു വഴില്ലെന്ന് ഷിപ്പിങ് ഏജൻസിയായ ‘ബിംകോ’യിലെ ചീഫ് സേഫ്റ്റി ഓഫീസർ ജേക്കബ് ലാർസൻ ചൂണ്ടിക്കാട്ടുന്നു. ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങളെത്തുടർന്ന് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് വഴി തിരിച്ചുവിടുന്നതുപോലെ ഇവിടെ സാധ്യമല്ല. അഭ്യാസം കാരണം കപ്പൽ ഗതാഗതം പൂർണമായി തടസപ്പെട്ടില്ലെങ്കിലും, ചെറിയ കാലതാമസങ്ങൾ ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒമാന്റെ മധ്യസ്ഥതയിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ആണവ ചർച്ചകൾ നടക്കുകയാണ്. ചർച്ചയിൽ മാർഗനിർദ്ദേശക തത്വങ്ങളിൽ ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഒരു കരാറിലെത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. യുറേനിയം സമ്പുഷ്ടീകരണം പൂർണമായി നിർത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ, കഴിഞ്ഞ വർഷം ഇസ്രയേൽ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടും, സമ്പുഷ്ടീകരണത്തിനുള്ള അവകാശം നിലനിർത്തണമെന്ന വാശിയിലാണ് ഇറാൻ.

അതിനിടെ, ഹോർമുസിലെ ഇറാൻ സൈനിക നീക്കം എണ്ണ വിപണിയെയും ബാധിച്ചു. സംഘർഷം രൂക്ഷമാകുമെന്ന ഭീതിക്കിടയിലും, ചർച്ചകൾ നടക്കുന്നതിനാൽ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.8% കുറഞ്ഞ് 67.48 ഡോളറിലെത്തി. അമേരിക്കൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്നത് തടയാനും, മേഖലയിലെ തങ്ങളുടെ ആധിപത്യം തെളിയിക്കാനുമാണ് ഇറാൻ അഭ്യാസം നടത്തിയതെന്ന് വ്യക്തമാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഏത് നിമിഷവും ചെറിയൊരു തീപ്പൊരി ആളിക്കത്തിയേക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Also read: