മണിക്കൂറുകൾക്കകം തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം
തെൽ അവീവ്: അമേരിക്കയും ഇസ്രയേലും ചേർന്ന് തെഹ്റാനിൽ നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ അതിശക്തമായ തിരിച്ചടി നൽകി ഇറാൻ. ഉച്ചയോടെ ഇസ്രയേലിന് നേരെ ഇറാനിൽനിന്ന് വൻ മിസൈൽ വർഷം ആരംഭിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്ഥിരീകരിച്ചു.
ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ അതിർത്തി കടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെൽ അവീവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും രാജ്യത്തിന്റെ തെക്കൻ, വടക്കൻ മേഖലകളിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് അടിയന്തരമായി വീടുകളിലെ സുരക്ഷിത മുറികളിലേക്കോ ബങ്കറുകളിലേക്കോ മാറാൻ ഹോം ഫ്രണ്ട് കമാൻഡ് കർശന നിർദേശം നൽകി.
ഇറാനിൽനിന്ന് കുതിച്ചെത്തിയ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’, ‘ആരോ’ എന്നിവ സജീവമായി രംഗത്തുണ്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിന്റെ ആകാശത്ത് നിരവധി മിസൈലുകൾ തകർക്കപ്പെടുന്നതിന്റെ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കാമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപം ഉൾപ്പെടെ തൈഹ്റാനിൽ ബോംബാക്രമണം നടന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ്പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ പൂർണമായും ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി. ഇസ്രയേലിൽ നേരത്തെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒത്തുചേരലുകൾക്കും വിലക്കേർപ്പെടുത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി ലോകം ഉറ്റുനോക്കുകയാണ്.