അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ്-റഷ്യൻ കപ്പൽപ്പടയും പശ്ചിമേഷ്യയിലേക്ക്; ഹോർമുസിൽ ഇറാനുമായി ചേർന്നു സംയുക്ത സൈനികാഭ്യാസം
തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അതിശക്തമായ പ്രതിരോധ നീക്കവുമായി ഇറാനും റഷ്യയും ചൈനയും. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ, ലോകശക്തി രാജ്യങ്ങളുമായി ചേർന്നു സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് മൂന്നു വൻശക്തികളും ചേർന്ന് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ എന്ന പേരിൽ നാവികാഭ്യാസം നടത്തുന്നത്. മൂന്ന് രാജ്യങ്ങളും ചേർന്ന് ‘ത്രികക്ഷി തന്ത്രപ്രധാന കരാർ’ ഒപ്പുവെച്ചതിന് പിന്നാലെയാണ്, ഹോർമുസ് കടലിടുക്കിൽ വൻ സൈനികാഭ്യാസത്തിനുള്ള നീക്കം നടക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ സഹായിയും ഉപദേഷ്ടാവുമായ നിക്കോളായ് പട്രൂഷെവ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ അഭ്യാസം നടക്കുമെന്നാണു വിവരം. റഷ്യൻ പത്രമായ ‘ആർഗ്യുമെന്റി ഐ ഫാക്റ്റി’ക്ക് നൽകിയ അഭിമുഖത്തിലാണ് പട്രൂഷെവിന്റെ സ്ഥിരീകരണം. റഷ്യയും ചൈനയും ഇറാനും തമ്മിലുള്ള ഏകോപിത സഹകരണ പദ്ധതിയുടെ ഭാഗമായാണു പുതിയ അഭ്യാസമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2019 മുതൽ ഇറാൻ നാവികസേനയുടെ മുൻകൈയിൽ വർഷം തോറും ‘സെക്യൂരിറ്റി ബെൽറ്റ്’ അഭ്യാസങ്ങൾ നടക്കുന്നുണ്ട്. മേഖലയിൽ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിലാണു കൂടുതൽ ശക്തമായ അഭ്യാസത്തിന് ഇറാൻ ഒരുങ്ങുന്നത്. അഭ്യാസത്തിൽ മൂന്ന് രാജ്യങ്ങളുടെയും വിവിധ യുദ്ധക്കപ്പലുകളും ഓപറേഷനൽ യൂനിറ്റുകളും പങ്കെടുക്കും. ഏകോപനം, തന്ത്രപരമായ തയാറെടുപ്പ്, അടിയന്തര ഘട്ടങ്ങളിലെ പ്രതികരണം എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം.
ഇക്കഴിഞ്ഞ ജനുവരി 29-നാണ് ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ചരിത്രപരമായ ഈ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചത്. സാമ്പത്തിക സഹകരണത്തിനപ്പുറം, സൈനികവും സുരക്ഷാപരവുമായ കാര്യങ്ങളിൽ പരസ്പര സഹായം ഉറപ്പാക്കുന്നതാണ് കരാർ. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഏകപക്ഷീയമായ ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും നേരിടാൻ ഒരു പൊതുവേദി രൂപീകരിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കരാർ ഒപ്പിട്ട് ആഴ്ചകൾക്കുള്ളിലാണ് ആദ്യ ചുവടുവയ്‌പ്പെന്നോണം സംയുക്ത സൈനികാഭ്യാസം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലുമായാണ് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ നാവികാഭ്യാസം നടക്കുക. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രൂഷെവ് അഭ്യാസത്തിനുള്ള ഒരുക്കങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ അഭ്യാസം ആരംഭിക്കുമെന്നാണ് സൂചന.
മൂന്ന് രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുക, സമുദ്ര സുരക്ഷ ഉറപ്പാക്കുക, കടൽക്കൊള്ളക്കാർക്കും സമുദ്ര ഭീകരവാദത്തിനുമെതിരെ പോരാടുക എന്നിവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ, യഥാർത്ഥ ലക്ഷ്യം മേഖലയിലെ അമേരിക്കൻ സ്വാധീനത്തിനു തടയിടുക തന്നെയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന കപ്പൽപാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ നടക്കുന്ന ഏത് സൈനിക നീക്കവും ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കും. ഇസ്രയേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളെ മേഖലയിലേക്ക് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ചൈനയും റഷ്യയും ഇറാനൊപ്പം ചേർന്ന് ഹോർമുസിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്.
പാശ്ചാത്യ ശക്തികൾക്കെതിരെ ഒരു ബദൽ ലോകക്രമം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഈ ത്രികക്ഷി സഖ്യത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമങ്ങൾക്കിടെയാണ്, റഷ്യയും ചൈനയും സഹായത്തിനെത്തുന്നതെന്നതും ശ്രദ്ധേയമാണ്. ‘സുരക്ഷിതമായ സമുദ്രം, സമാധാനപരമായ ലോകം’ എന്ന സന്ദേശമാണ് അഭ്യാസം മുന്നോട്ടുവയ്ക്കുന്നതെങ്കിലും, അമേരിക്കയ്ക്കുള്ള മുന്നറിയിപ്പു കൂടിയാണിതെന്ന കാര്യം വ്യക്തമാണ്.