02/03/2026
[fontresizer_tawhidurrahmandear_widget]

യുദ്ധഭീതിയിൽ ഇറാൻ; എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം

 യുദ്ധഭീതിയിൽ ഇറാൻ; എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും മിഡിൽ ഈസ്റ്റിൽ യുദ്ധസാധ്യത വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ജനുവരി 5-ന് നൽകിയ ആദ്യ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ന്‌ എംബസി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

ലഭ്യമായ എല്ലാ യാത്രാമാർഗ്ഗങ്ങളും ഉപയോഗിച്ച് ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ എന്നിവരുൾപ്പെടെയുള്ളവർ പ്രതിഷേധ സ്ഥലങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണം. പാസ്‌പോർട്ടുകളും മറ്റ് തിരിച്ചറിയൽ രേഖകളും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ കയ്യിൽ കരുതണമെന്നും എംബസി അറിയിച്ചു. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ ഓൺലൈൻ വഴി പേര് വിവരങ്ങൾ ചേർക്കേണ്ടതാണ്. ഇന്റർനെറ്റ് തടസ്സങ്ങൾ ഉണ്ടായാൽ ഇന്ത്യയിലുള്ള ബന്ധുക്കൾ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ് എന്നും എംബസി അറിയിച്ചു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നിയന്ത്രിതമായ സൈനിക ആക്രമണത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടിയന്തര നീക്കം. ഇറാനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതും സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നു. അടിയന്തര സഹായത്തിനായി എംബസി ഹെൽപ്പ്‌ലൈൻ നമ്പറുകളും (+989128109115, +989128109109) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) സജ്ജമാക്കിയിട്ടുണ്ട്.

Also read: