07/03/2026
[fontresizer_tawhidurrahmandear_widget]

മാലിദ്വീപിലെ ജനവാസമില്ലാത്ത ദ്വീപിൽ ഐഎസ്ആർഒ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ

 മാലിദ്വീപിലെ ജനവാസമില്ലാത്ത ദ്വീപിൽ ഐഎസ്ആർഒ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ

മാലെ: മാലിദ്വീപിലെ ജനവാസമില്ലാത്ത ദ്വീപിന് സമീപം ഐഎസ്ആർഒ (ISRO) ലോഗോ പതിപ്പിച്ച റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ഔദ്യോഗിക ലോഗോയും ദേശീയ ചിഹ്നവുമുള്ള വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങളാണ് എൽ. കുനഹന്ദുവിനടുത്തുള്ള ദ്വീപിൽ അടിഞ്ഞത്. ഫെബ്രുവരി 12നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3 ദൗത്യത്തിന്റെ പേലോഡ് ഫെയറിങ് ഭാഗങ്ങളാണിതെന്ന് കരുതപ്പെടുന്നു. ജനവാസമില്ലാത്ത മേഖലയായതിനാൽ വലിയ അപകടങ്ങളോ മനുഷ്യജീവനോ സ്ഥലത്തിനോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ബഹിരാകാശ നിരീക്ഷണ വെബ്‌സൈറ്റായ indianspaceflight.in പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം ഡിസംബർ 19ന് നടന്ന LVM3-M6 / BlueBird Block-2 ദൗത്യത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.

ലോഗോയുടെയും ദേശീയ ചിഹ്നത്തിന്റെയും സ്ഥാനം പരിശോധിച്ചാണ് നിരീക്ഷകർ ഈ നിഗമനത്തിൽ എത്തിയത്. ഇതേ ദൗത്യത്തിന്റെ സമാനമായ അവശിഷ്ടങ്ങൾ ഡിസംബർ 28ന് ശ്രീലങ്കയിലെ ട്രിങ്കോമലിയിലും കണ്ടെത്തിയിരുന്നു. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് എൽവിഎം3 റോക്കറ്റ് ഉപയോഗിച്ചത്. വിക്ഷേപണ സമയത്ത് വേർപെടുന്ന പേലോഡ് ഫെയറിങ് ഭാഗങ്ങൾ കടലിൽ വീഴുകയും ഒഴുക്കിൽപ്പെട്ട് ദ്വീപിന് സമീപം എത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ ഐഎസ്ആർഒയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Also read: